വിത്തെറിഞ്ഞിട്ടും വിളവില്ലാതെ കോൺഗ്രസ്; ‘ഇന്ത്യയുടെ വോട്ടുപാടം’ ഉഴുതിട്ട് മോദി: പൂക്കുമോ ജാതി സെൻസസ്?
Mail This Article
നൂറുമേനി വിളവ് കിട്ടുമെന്നു വിശ്വസിച്ചു വിതച്ച വിത്തിൽനിന്ന് പതിരു മാത്രം കിട്ടിയാൽ എന്താകും തോന്നുക? അതേ നിരാശയിലാണ് കോൺഗ്രസും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയും. നന്നായി മണ്ണൊരുക്കിയിട്ടും ‘ജാതിപ്പാടം’ പൂത്തുകായ്ക്കാതിരുന്നതിന്റെ ഉത്തരം ഒറ്റവരിയിൽ ഒതുങ്ങില്ലെന്നറിയാം നേതൃത്വത്തിന്. ജാതി സെൻസസ് രാജ്യത്തെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ജീവിതത്തെ ബാധിക്കുന്നതാണെന്ന കോൺഗ്രസിന്റെ നിലപാടിനെ, ജാതിവിഭജനത്തിനാണു ശ്രമമെന്ന് ആരോപിച്ചാണു ബിജെപി മറികടന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി, ജാതിക്കാർഡ് എന്ന തുറുപ്പുചീട്ടിന്റെ ജയശേഷിയെപ്പറ്റി സംശയമുയർത്തുന്നു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു തിരഞ്ഞെടുപ്പു വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഇന്ത്യ മുന്നണിക്കുള്ള മറുപടിയാണ്. ‘‘തിരഞ്ഞെടുപ്പു വിജയം ചരിത്രനേട്ടമാണ്. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന ആശയം വിജയം കണ്ട ദിവസമാണിത്. ജാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നതു തിരഞ്ഞെടുപ്പിൽ കണ്ടു. എന്നാൽ 4 വിഭാഗങ്ങളാണ് എനിക്കേറ്റവും പ്രധാനം. സ്ത്രീശക്തി, യുവശക്തി, കർഷകർ, നിർധന കുടുംബങ്ങൾ’’– മോദി പറഞ്ഞു. ജാതി സെൻസസ് വേണമെന്ന് പ്രതിപക്ഷം ആവശ്യമുയർത്തിയപ്പോൾ പ്രതിരോധത്തിലായ ബിജെപിക്ക് എതിരിടാനുള്ള ആത്മവിശ്വസം കിട്ടിയിരിക്കുന്നു.
∙ വാഗ്ദാനം ചെയ്തത് രാഹുൽ
ജാതി സെൻസസ് നടത്തുമെന്നു തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ആവർത്തിച്ചത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ്. ജാതികളും സമുദായങ്ങളും സ്വാധീനം ചെലുത്തുന്ന ഹിന്ദി ഹൃദയഭൂമിയിൽ ഈ വാഗ്ദാനം വോട്ടാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടി. പക്ഷേ, വോട്ടർമാർ മുഖം തിരിച്ചെന്നാണു ഫലം നൽകുന്ന സൂചന. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്നു വിശേഷിപ്പിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെയാണു ജാതിക്കാർഡിനെച്ചൊല്ലി വീണ്ടും സംശയമുയർന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ജയിച്ചാൽ ഫലം വന്ന് രണ്ടു മണിക്കൂറിനകം ജാതി സെൻസസ് പ്രഖ്യാപിക്കുമെന്നു ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും സമാനമായ വാഗ്ദാനങ്ങൾ നൽകി. ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സർക്കാർ ജാതി സർവേ നടത്തി ഡേറ്റ പുറത്തുവിട്ടു; വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള ക്വോട്ട ശതമാനം വർധിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷമാണു ജാതി സർവേ / ജാതി സെൻസസ് കോൺഗ്രസ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കിയത്. ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ നേരിടാൻ കെൽപ്പുള്ള ആയുധമായി ഇതിനെ കോൺഗ്രസ് കണ്ടു.
∙ പ്രഹരശേഷി മനസ്സിലാക്കി മോദി
ഹിന്ദുക്കളെ വിഭജിക്കാനാണു ശ്രമമെന്നും മുസ്‌ലിംകളുടെ അവകാശങ്ങൾ നഷ്ടപ്പെടുമെന്നും ഒരേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതോടെ ജാതി സെൻസസ് വാദം പ്രഹരശേഷിയുള്ളതാണെന്നു കോൺഗ്രസിനു വ്യക്തമായി. ബിഹാറിലെപ്പോലെ മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞതും ചർച്ചയ്ക്ക് എരിവ് കൂട്ടി. മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻസിപി വിഭാഗവുമായി സഖ്യമുണ്ടാക്കിയാണു ബിജെപി ഭരിക്കുന്നത്. ദേശീയ ജാതി സെൻസസ് നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യം രാജ്യത്തെ വിഭജിക്കുമെന്നു മോദി പറയുമ്പോഴായിരുന്നു അജിത്തിന്റെ പ്രസ്താവന.
ബിഹാറിലെ ജാതി സർവേ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസർ’ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണു നിതീഷ് കുമാർ ലക്ഷ്യമിടുന്നതെന്നും ഓർഗനൈസർ വിലയിരുത്തി. ആദ്യം എതിർത്ത ബിജെപി, സ്വന്തം മുന്നണിയിലെ ജാതിപ്പാർട്ടികൾ തന്നെ ഇക്കാര്യം ഉന്നയിച്ചതോടെ മയപ്പെട്ടു. ജാതി സർവേയ്ക്ക് എതിരല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ‘‘ഞങ്ങൾ ദേശീയ പാർട്ടിയാണ്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ല. ജാതി സെൻസസ് തിരഞ്ഞെടുപ്പിൽ വിഷയമാക്കി വിജയിക്കാനുള്ള ശ്രമം ശരിയല്ല. ഒരിക്കലും ബിജെപി ജാതി സെൻസസിനെ എതിർത്തിട്ടില്ല.’’ എന്നാണു ഛത്തീസ്‌ഗഡിൽ അമിത് ഷാ വ്യക്തമാക്കിയത്.
ജാതിവികാരത്തെ വെട്ടാൻ മോദിയുടെ വ്യക്തിപ്രഭാവത്തിനൊപ്പം സർക്കാരിന്റെ ക്ഷേമപദ്ധതികളെയും ബിജെപി കൂട്ടുപിടിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, മുഖ്യമന്ത്രി ലാഡ്‌ലി ബഹാന യോജന തുടങ്ങിയ പദ്ധതികളിലൂടെ എല്ലാ ജാതിയിലും സമുദായത്തിലുമുള്ള ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയത് അതതു സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിച്ചു. ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നീ നാലു വലിയ ജാതികളെപ്പറ്റിയാണ് എനിക്കു പറയാനുള്ളതെന്നു മോദിയും നിലപാടെടുത്തു. അധികാരത്തിലിരിക്കെ പിന്നാക്ക വിഭാഗങ്ങൾക്കു പ്രതിപക്ഷ പാർട്ടികൾ നീതി ലഭ്യമാക്കിയില്ലെന്ന വിമർശനവും ബിജെപി തൊടുത്തു.
ജാതി സെൻസസിനെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിനാണു ബിജെപിയുടെ പ്രതിബദ്ധതയെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ‘‘ജാതിമത ചിന്താഗതിയുള്ള നേതാക്കളെ പൊതുസമൂഹം തിരസ്‌കരിക്കും. അതിനാൽ പ്രതിപക്ഷ ആവശ്യത്തിനു ഫലമുണ്ടാകില്ല. ബിജെപി എല്ലാ സമുദായങ്ങളെയും പിന്തുണയ്ക്കുന്നു. പ്രധാനമന്ത്രി മോദിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന മുദ്രാവാക്യത്തിനൊപ്പമാണ് അണികൾ. ജാതിയോ സാമ്പത്തിക നിലയോ പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും ആനുകൂല്യങ്ങൾ നൽകേണ്ടതു പ്രധാനമാണ്’’– മൗര്യ പറയുന്നു.
∙ ഒറ്റയ്ക്കു കൂട്ടിയാൽ കൂടില്ല!
കർണാടകയിലെ പരാജയത്തിനൊപ്പം പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ രൂപീകരണവും ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. മുന്നണിയുടെ പേരിനെക്കുറിച്ചുൾപ്പെടെ ഉയർത്തിയ വിമർശനങ്ങളിലും വേഗത്തിൽ എൻഡിഎ സംവിധാനം തട്ടിക്കൂട്ടാൻ കാണിച്ച താൽപര്യങ്ങളിലും അതു പ്രകടമായി. കോൺഗ്രസിന്റെ ‘ജാതി സെൻസസ്’ പ്രഖ്യാപനം കൂടിയായപ്പോൾ, മധ്യപ്രദേശ് നഷ്ടപ്പെടാമെന്നും രാജസ്ഥാനും ഛത്തീസ്ഗഡും തിരിച്ചുപിടിക്കാനാവില്ലെന്നും വിലയിരുത്തിയാണ് ബിജെപി പോരിനിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന പതിവു വിജയമന്ത്രത്തിൽ ഉറപ്പില്ലാത്തതിനാൽ, ‘താമര’യാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമെന്ന് ആദ്യം പറഞ്ഞു. പിന്നീടാണ് മോദി തന്നെ മുഖമെന്നതിലേക്കും ‘മോദിയുടെ ഉറപ്പുകളിൽ വിശ്വസിക്കുക’യെന്ന മുദ്രാവാക്യത്തിലേക്കും മാറിയത്.
കണക്കുകളിലെ ആൾരൂപങ്ങളുടെ ബലംകൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റാമെന്നു കോൺഗ്രസിനു നേരത്തേ തിരിച്ചറിവുണ്ടാക്കിയതു ബി.പി.മണ്ഡൽ ശുപാർശകൾ നടപ്പാക്കാനുള്ള വി.പി.സിങ്ങിന്റെ തീരുമാനമാണ്. സംസ്ഥാനങ്ങളിലെ ജാതിപ്പാർട്ടികൾ ശക്തമായി; അതിനിടയിലൂടെ ഹൈന്ദവ ഐക്യം പറഞ്ഞ് ബിജെപിയും കടന്നുവന്നു. മണ്ഡലിനെ കുറച്ചൊക്കെ മറികടക്കാൻ രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ വാജ്പേയിക്കാലത്ത് ബിജെപിക്കു സാധിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പുവരെയും ജാതിപ്പാർട്ടികൾ സ്വാധീനം നിലനിർത്തി. 2019ൽ ബിജെപി അതു പൊളിച്ചു. ആ നേട്ടം ആവർത്തിക്കാനാവില്ലെന്ന ബിജെപിയുടെ ആശങ്കയെ മയപ്പെടുത്തുന്നുണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ.
2021ൽ സെൻസസ് നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ, അന്നത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ തീരുമാനമായി 2018 ഓഗസ്റ്റ് 31ന് സർക്കാർ പറഞ്ഞത് സെൻസസിനൊപ്പം ജാതി സെൻസസും നടത്തുമെന്നാണ്. അതു പൊതുതിരഞ്ഞെടുപ്പ് ഉദ്ദേശിച്ചുള്ള പ്രഖ്യാപനമായിരുന്നു; ജാതിപ്പാർട്ടികൾ ജാതി സെൻസസ് മുദ്രാവാക്യമാക്കുന്നതു തടയാൻ. 2021ൽ സെൻസസ് നടന്നില്ല. മേൽജാതി, പട്ടികവിഭാഗങ്ങൾക്കു പുറമേ ഒബിസികളിലെതന്നെ പിന്നാക്കക്കാരെയും ചെറുജാതിപ്പാർട്ടികളെയും ഒപ്പം നിർത്തുകയാണ് ഉത്തരേന്ത്യയിൽ ബിജെപി ചെയ്തത്. തൊഴിലില്ലായ്മ വർധിച്ചതും സ്വകാര്യജോലിയുടെ അരക്ഷിതസ്വഭാവവും കാരണം, സംവരണത്തിലൂടെ മാത്രം രക്ഷയെന്നു കരുതുന്ന ധാരാളംപേരുണ്ട്. ഇവരെയെല്ലാം കണ്ടാണ്, ഇപ്പോഴും പിന്തുണ കിട്ടുന്ന മുദ്രാവാക്യമെന്നു കരുതി പ്രതിപക്ഷം ജാതി സെൻസസ് പ്രയോഗിച്ചത്.
കർണാടകയിലെപ്പോലെ ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും തനിച്ചുനിന്നു ബിജെപിയെ തോൽപിക്കാമെന്നു കോൺഗ്രസ് കരുതി. ജാതി സെൻസസ് പ്രഖ്യാപനം വലിയ നേട്ടമാകുമെന്നും പ്രതീക്ഷിച്ചു. ആ വിശ്വാസത്തിനു പിൻബലമാകാൻ തക്ക സംഘടനാശേഷി 3 സംസ്ഥാനങ്ങളിലും കോൺഗ്രസിനില്ലായിരുന്നു. രാജസ്ഥാൻ പോയാലും കുഴപ്പമില്ലെന്നു ചിന്തിച്ച ഹൈക്കമാൻഡ്, മധ്യപ്രദേശിൽ കമൽനാഥിന്റെയും ഛത്തീസ്ഗഡിൽ ഭൂപേഷ് ബഗേലിന്റെയും താൽപര്യങ്ങളനുസരിച്ചു പ്രവർത്തിച്ചു. സഹകരിപ്പിക്കാൻ ‘ഇന്ത്യ’ മുന്നണിയിലെ പല കക്ഷികളും പറഞ്ഞതു കേട്ടതേയില്ല. ജാതി സെൻസസും സാമൂഹികനീതിയും ബിജെപിയുടെ കുറ്റങ്ങളും പറഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങിയാൽ ഫലിക്കില്ലെന്നു കോൺഗ്രസിനും മുന്നണിക്കും ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നു.
ജനം പലവിധ ദുരിതങ്ങൾ അനുഭവിക്കുന്നതിനാൽ സംവരണത്തിനായുള്ള ആവശ്യം ഒരിക്കലും അവസാനിക്കില്ല. മൂന്നിലൊന്ന് കുടുംബങ്ങൾ ദാരിദ്ര്യത്തിലാണു കഴിയുന്നതെന്നും പ്രതിമാസം 6,000 രൂപയിൽ താഴെയേ വരുമാനമുള്ളൂവെന്നും ബിഹാറിൽ കണ്ടെത്തിയത് ജാതി സെൻസസിലാണ്. ജാതി സെൻസസിലൂടെ മാത്രം സാമൂഹികനീതി വരുമെന്നു കരുതാനാവില്ലെന്ന വിമർശനവുമുണ്ട്. പക്ഷേ, ഹിന്ദുത്വ രാഷ്ട്രീയമുയർത്തി രാജ്യത്ത് അധികാരത്തിന്റെ കാവിക്കൊടി പാറിക്കുന്ന ബിജെപിയെ നേരിടാൻ ജാതിക്കുള്ള ശേഷിയിൽ കോൺഗ്രസ് ഇനിയും വിശ്വസിക്കുന്നുവോ എന്നതാണ് ചോദ്യം.