ബിജെപിക്ക് സംഭാവന കിട്ടിയത് 719 കോടി, മറ്റെല്ലാ പാർട്ടികളും ഒരുമിച്ച് സ്വീകരിച്ചതിനേക്കാൾ കൂടുതല്‍; കോൺഗ്രസിന് 79 കോടി
Mail This Article
ന്യൂഡൽഹി ∙ ബിജെപിക്ക് കഴിഞ്ഞ സാമ്പത്തിക വർഷം (2022–23) സംഭാവനയായി ലഭിച്ചത് 719 കോടി രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട്. തൊട്ടു മുൻപത്തെ സാമ്പത്തിക വർഷം പാർട്ടിക്ക് ലഭിച്ചത് 614 കോടിയാണെന്നും ഒറ്റവർഷം കൊണ്ട് 17.1 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 252.7 കോടി രൂപ സംഭാവന ചെയ്ത പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റാണ് പാർട്ടി ഫണ്ടിലേക്ക് ഏറ്റവുമധികം പണം നൽകിയത്.
കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ചത് 79 കോടിയാണ്. തൊട്ടു മുൻപത്തെ വർഷം ഇത് 95.4 കോടി രൂപയായിരുന്നു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന എംകെജെ എന്റർപ്രൈസസാണ് കോൺഗ്രസിന് ഏറ്റവും ഉയർന്ന തുക (20.25 കോടി) സംഭാവന നൽകിയത്. എഎപിക്ക് 37 കോടി സംഭാവന ലഭിച്ചു. 20,000 രൂപയിൽ താഴെയുള്ള സംഭാവനകൾ കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇലക്ടറൽ ബോണ്ടുകൾ ഉൾപ്പെടെ, രാജ്യത്തെ മറ്റെല്ലാ പാർട്ടികളും ഒരുമിച്ച് സ്വീകരിച്ചതിനേക്കാൾ കൂടുതല്‍ തുക ബിജെപിക്ക് ലഭിച്ചതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) അഭിപ്രായപ്പെട്ടു. 2016–17 മുതൽ 2021–22 വരെ 10,122.03 കോടി രൂപ സംഭാവനയായി സ്വീകരിച്ചെന്ന് ബിജെപി വെളിപ്പെടുത്തിയിരുന്നു.
ഇക്കാലയളവിൽ കോണ്‍ഗ്രസിനു ലഭിച്ച സംഭാവന 1547.43 കോടിയാണ്. ഇതേ കാലയളവിൽ വിവിധ പാർട്ടികൾ 9188 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചിരുന്നു. ഇതിൽ 5272 കോടി ബിജെപിയും 952 കോടി കോണ്‍ഗ്രസും സ്വീകരിച്ചു. ശേഷിക്കുന്ന തുക മറ്റ് പാർട്ടികളിലേക്കും എത്തിയതായി എഡിആർ റിപ്പോർട്ടിൽ പറയുന്നു.