വോട്ടെണ്ണുന്നതിന് മുന്നേ ബിജെപി പ്രവർത്തകന് ഫലം അറിയാമായിരുന്നു: സ്ക്രീൻഷോട്ട് പങ്കുവച്ച് ദിഗ്‍വിജയ് സിങ്
Mail This Article
ഭോപ്പാൽ ∙ മധ്യപ്രദേശിലെ കനത്ത പരാജയത്തിനു പിന്നാലെ ബിജെപിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിങ്. ഖച്‌റൗട് മണ്ഡലത്തിൽ ആര് ജയിക്കുമെന്നു വോട്ടെണ്ണലിനു മുൻപുതന്നെ ബിജെപിക്ക് അറിയാമായിരുന്നെന്നാണു ദിഗ്‍വിജയ് സിങ്ങിന്റെ ആരോപണം. ഇതു സാധൂകരിക്കാന് ഒരു ഫെയ്സ്ബുക് പോസ്റ്റിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽനിന്നുമുള്ള ഫലത്തിന്റെയും സ്ക്രീൻഷോട്ട് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ബിജെപി ഹാക്ക് ചെയ്തെന്നു കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ചിരുന്നു. ‘‘ഖച്‌റൗട് മണ്ഡലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾക്ക് എത്ര വോട്ട് കിട്ടുമെന്നു ബിജെപിയുമായി ബന്ധപ്പെട്ടവർ വ്യക്തമായി എഴുതിയിട്ടുണ്ട്. വോട്ടെണ്ണുന്നതിന് രണ്ടുദിവസം മുമ്പാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇനി ഫലവുമായി ഇത് കൂട്ടിവായിക്കു’’– സ്ക്രീൻഷോട്ടുകൾ പങ്കുവച്ച് ദിഗ്‍വിജയ് സിങ് കുറിച്ചു. ഖച്‌റൗട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ദിലിപ് സിങ് ഗുർജറിനെ 15,927 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥി ഡോ.തേജ്ബഹാദൂർ തോൽപ്പിച്ചത്.
അനിൽ ചജ്ജദ് എന്ന ഫെയ്സ്ബുക് പ്രൊഫൈലിൽനിന്നാണ് പോസ്റ്റ് വന്നത്. 2015ൽ തുടങ്ങിയ അക്കൗണ്ടിന് 5,000 ഫോളോവേഴ്‍സുണ്ട്. ബിജെപിയെ പിന്തുണയ്ക്കുന്ന നിരവധി പോസ്റ്റുകളും വിജയിച്ച ബിജെപി സ്ഥാനാർഥിയുടെ കൂടെയുള്ള അനിൽ ചജ്ജദിന്റെ നിരവധി ഫോട്ടോകളും ഫെയ്സ്ബുക്കിലുണ്ട്. ഡിസംബർ ഒന്നിനു പങ്കുവച്ച പോസ്റ്റിൽ മണ്ഡലത്തിൽ 1,78,364 വോട്ടുകൾ രേഖപ്പെടുത്തിയതായും ബിജെപി സ്ഥാനാർഥിക്ക് 93,000 വോട്ടുകളും കോൺഗ്രസ് സ്ഥാനാർഥിക്ക് 77,000 വോട്ടുകളും ലഭിക്കുമെന്നുമാണ് ഇയാൾ പ്രവചിച്ചിരിക്കുന്നത്. ഫലവുമായി ഏറെ സാമ്യമുള്ള പ്രവചനമാണിത്. ബിജെപിക്ക് ഇവിടെ 93,552 വോട്ടും കോൺഗ്രസിന് 77,625 വോട്ടുമാണു ലഭിച്ചത്.