മറ്റു പ്രതികൾ ആക്രമിക്കാൻ സാധ്യത: പത്മകുമാർ പൂജപ്പുരയിലെ അതീവ സുരക്ഷാ സെല്ലിൽ; ഒപ്പം ഡോ.വന്ദനാദാസിന്റെ കൊലയാളി
Mail This Article
തിരുവനന്തപുരം∙ ഓയൂരിൽനിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി കെ.ആർ.പത്മകുമാറിനെ (51) താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ ജി.സന്ദീപാണ് സെല്ലില്‍ ഒപ്പമുള്ളത്. പത്മകുമാറിന്റെ സുരക്ഷയെ കരുതിയാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയതെന്ന് പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ പറഞ്ഞു.
Read also: ‘നല്ല സ്വഭാവമൊക്കെയുള്ള പെണ്ണായിരുന്നു, ഈ അടുത്താ ഇങ്ങനെയായത്; പട്ടിയെ അഴിച്ചുവിടുമെന്നു വരെ പറഞ്ഞു’
സെല്ലിൽ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണമുണ്ട്. സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൂജപ്പുര ജയിലില്‍ അതീവ സുരക്ഷയുള്ള 6 സെല്ലുകളാണുള്ളത്. കൊല്ലം കലക്ട്രേറ്റിൽ സ്ഫോടനം നടത്തിയവർ ഉൾപ്പെടെ, ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ടവരാണ് അതീവ സുരക്ഷാ സെല്ലിലുള്ളത്. പത്മകുമാറിനെ മറ്റു പ്രതികൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
ശാന്തമായാണ് പത്മകുമാർ പെരുമാറുന്നതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ആരോടും അധികം സംസാരമില്ല. കഴിഞ്ഞ ദിവസം അഭിഭാഷകനെത്തി പത്മകുമാറുമായി സംസാരിച്ചു. കേസിലെ പ്രതികളായ പത്മകുമാറിന്റെ ഭാര്യ എം.ആര്‍.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഡോ.വന്ദനാദാസിനെ കുത്തികൊലപ്പെടുത്തിയ കേസും ഡിവൈഎസ്പി എം.എം.ജോസാണ് അന്വേഷിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം നൽകി. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് അന്വേഷണ സംഘം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.