മോഷ്ടാവ് പിടിയിൽ; മുക്കുപണ്ടം പണയംവച്ച് പണം തട്ടിയതും ചോദ്യംചെയ്യലിൽ വെളിച്ചത്തായി
Mail This Article
നാദാപുരം∙ കല്ലാച്ചിയിൽ മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിനെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നാദാപുരം സർവീസ് സഹകരണ ബാങ്ക് കല്ലാച്ചി ശാഖയിൽ നിന്ന് 49,000 രൂപ തട്ടിയെടുത്ത കേസില്‍ നാദാപുരം സ്വദേശി മാക്കൂൽ മുഹമ്മദ് റഹീസ് (26) ആണു പിടിയിലായത്. നാദാപുരം എസ്ഐ എസ്.ശ്രീജിത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2023 ജൂലൈ ഏഴിനാണു റഹീസ് ബാങ്കിൽ 12 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണം പണയപ്പെടുത്തി തുക തട്ടിയെടുത്തത്. സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം റഹീസും മറ്റു രണ്ട് മോഷ്ടാക്കളും കുറ്റ്യാടിയിൽ വിവിധ മോഷണ കേസുകളിൽ പിടിയിലായി. തുടർന്നു ചോദ്യം ചെയ്തപ്പോഴാണു ബാങ്കുകളിൽ തട്ടിപ്പ് നടത്തിയതായി പൊലീസിൽ ഇവർ മൊഴി നൽകിയത്.
അധികൃതർ പണയ സ്വർണങ്ങളിൽ നടത്തിയ പരിശോധനയിലാണു ആഭരണങ്ങൾ വ്യാജമാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകി. നാദാപുരം, കുറ്റ്യാടി, തൊട്ടിൽ പാലം, വയനാട്, തൊണ്ടർനാട് പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ് റഹീസ്.