സുഖ്ദേവ് സിങ് ഗോഗമേദിക്ക് നേരെ വെടിയുതിർത്തത് നിരവധിതവണ, ഞെട്ടിക്കുന്ന വിഡിയോ ദൃശ്യം പുറത്ത്
Mail This Article
ജയപുർ∙ രാഷ്ട്രീയ രജ്‌പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിക്ക് നേരെ അജ്ഞാതർ വെടിവയ്ക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രണ്ട് ആളുകൾ നിരവധി തവണയാണ് സുഖ്ദേവ് സിങ് ഗോഗമേദിയുടെയും വാതിൽനിൽക്കുന്ന മറ്റൊരാൾക്കു നേരെയും വെടി ഉതിർക്കുന്നത്. സുഖ്ദേവ് സിങ് ഗോഗമേദി സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയും സുരക്ഷാ അംഗത്തിനും മറ്റൊരാൾക്കും പരുക്കേൽക്കുകയും ചെയ്തു.
ജയ്പുർ ശ്യാംനഗറിലെ സുഖ്ദേവ് സിങ് ഗോഗമേദിയുടെ വീട്ടിൽ കയറിയാണ് വെടിവച്ചത്. പരുക്കേറ്റ സുഖ്ദേവ് സിങ്ങിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണിസേനയിലെ തർക്കത്തെ തുടർന്നു രാഷ്ട്രീയ് രജ്പുത്ത് കർണിസേന എന്ന് മറ്റൊരു സംഘടന ഇദ്ദേഹം രൂപീകരിച്ചിരുന്നു. രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉൾപാർട്ടി പ്രശ്നങ്ങൾ നടന്നിരുന്നു.
പദ്മാവത് സിനിമയ്ക്കെതിരെ സുഖ്ദേവ് സിങ് ഗോഗമേദിയുടെ നേതൃത്വത്തിൽ രാജസ്ഥാനിൽ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് അക്കാലത്ത് സുഖ്ദേവിന്റെ നേതൃത്വത്തിൽ നടന്നത്. സംഭവത്തെ തുടർന്ന് ജയ്പുരിൽ സുരക്ഷ ശക്തമാക്കി. പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.