വസുന്ധരയുടെയും ചൗഹാന്റെയും വഴിയടയുമോ? രാജിവച്ച എംപിമാരിൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരും
Mail This Article
ന്യൂഡൽഹി∙ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മത്സരരംഗത്തുണ്ടായിരുന്ന 10 ബിജെപി എംപിമാർ രാജിവച്ചതോടെ, മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് അഭ്യൂഹവും ബലപ്പെടുന്നു. മൂന്നു സംസ്ഥാനങ്ങളിലും ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വം ഇനിയും മനസ്സു തുറന്നിട്ടില്ലെങ്കിലും, കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 10 എംപിമാർ രാജിവച്ചതാണ് അഭ്യൂഹങ്ങൾക്ക് ഇട നൽകുന്നത്. ഇവരിൽ ചിലരെ മുഖ്യമന്ത്രി സ്ഥാനത്തേക്കും മറ്റുള്ളവരെ അതാത് സംസ്ഥാനങ്ങളിലെ മന്ത്രിസഭകളിലേക്കും പരിഗണിക്കുന്നതായാണ് വിവരം.
രാജിവച്ച 10 എംപിമാരിൽ അഞ്ചുപേർ മധ്യപ്രദേശിൽ നിന്നാണ്. ഇവിടെ 163 സീറ്റുനേടി തകർപ്പൻ വിജയം നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, എംപിമാരായ രാകേഷ് സിങ്, ഉദയ് പ്രതാപ്, റിതി പഥക് എന്നിവരാണ് മധ്യപ്രദേശിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ രാജിവച്ച എംപിമാർ.
നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാതെ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി, ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് വൻ വിജയമാണ് മധ്യപ്രദേശിൽ നടിയത്. ചൗഹാനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെങ്കിലും, രാജിവച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ലോക്സഭാംഗങ്ങളായ അരുൺ സാവു, ഗോമതി സായ് എന്നിവരാണ്, ഛത്തീസ്ഗഡിൽനിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അരുൺ സാവുവിന്റെ പേര്, മുൻ മുഖ്യമന്ത്രി കൂടിയായ രമൺ സിങ്ങിനൊപ്പം ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം എംപി സ്ഥാനം രാജിവച്ചത്.
രാജസ്ഥാനിൽനിന്ന് ജയിച്ച രാജ്യവർധൻ സിങ് റാത്തോഡ്, ദിയ കുമാരി എന്നിവർ ലോക്സഭാംഗത്വവും കിരോരി ലാൽ മീണ രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. ഇവരിൽ റാത്തോഡ്, ദിയാ കുമാരി എന്നിവരുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. വസുന്ധര രാജെ സിന്ധ്യയെ ‘ഒതുക്കാൻ’ വഴി തേടുന്ന പാർട്ടി ദേശീയ നേതൃത്വം, മുഖ്യമന്ത്രി സ്ഥാനത്ത് ഇവരിലൊരാളെ നിയോഗിച്ചാലും അദ്ഭുതപ്പെടാനില്ല.
രാജിവച്ച എംപിമാർ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദിയും പാർട്ടി ദേശീയ അധ്യക്ഷനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഈ 10 പേരോടും രാജിവയ്ക്കാൻ നിർദ്ദേശിച്ചതെന്നാണ് വിവരം. ഇതോടെ, 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ വികസനത്തിനും വഴിയൊരുങ്ങി.