‘ഇന്ത്യ’യും ‘ഭാരത’വും ഒരുപോലെയെന്നു ഭരണഘടനയിൽ; വേർതിരിച്ചു കാണുന്നില്ലെന്ന് കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ, ഭാരത് എന്നീ നാമങ്ങളെ എൻസിഇആർടി വേർതിരിച്ചു കാണുന്നില്ലെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ. പാർലമെന്റിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇത്തരമൊരു വിശദീകരണം നൽകിയത്. ഇരു നാമങ്ങളെയും ഒരുപോലെ അംഗീകരിക്കുന്ന ഭരണഘടനയുടെ അന്തസത്ത എൻസിഇആർടി പൂർണമായും ഉൾക്കൊള്ളുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതു മാറ്റി ഭാരതം എന്നാക്കാൻ എൻസിഇആർടി നിയോഗിച്ച പാനൽ ശുപാർശ ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം അംഗം എളമരം കരീം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ്, കേന്ദ്രമന്ത്രി അന്നപൂർണ ദേവി ഇക്കാര്യം അറിയിച്ചത്. എഴുതിനൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.
‘‘ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ പറയുന്നത് ‘ഇന്ത്യ’ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കും എന്നാണ്. ഇന്ത്യൻ ഭരണഘടന ‘ഇന്ത്യ’, ‘ഭാരതം’ എന്നീ രണ്ടു നാമങ്ങളും രാജ്യത്തിന്റെ ഔദ്യോഗിക പേരുകളായി അംഗീകരിക്കുന്നു. ഇവ രണ്ടും മാറിമാറി ഉപയോഗിക്കാവുന്നതാണ്. നമ്മുടെ ഭരണഘടനയിൽ വിളങ്ങുന്ന ഈ അന്തസത്തയെ എൻസിഇആർടി പൂർണമായും ഉൾക്കൊള്ളുന്നു. ഇവ രണ്ടും തമ്മിൽ വേർതിരിച്ചു കാണുന്നുമില്ല’’ – മറുപടിയിൽ പറയുന്നു.
കോളനിവൽകൃത മനോനിലയിൽ രാജ്യം ഒന്നടങ്കം മുന്നോട്ടു നീങ്ങുകയാണെന്നും ഇതിന്റെ ഭാഗമായി ഇന്ത്യൻ ഭാഷാപ്രയോഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായും മന്ത്രി വിശദീകരിച്ചു.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടു മലയാളിയായ പ്രഫ.സി.ഐ.ഐസക് അധ്യക്ഷനായ, എൻസിഇആർടിയുടെ സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാടു രേഖയിലാണ് (പൊസിഷൻ പേപ്പർ) ഇന്ത്യ എന്നതു മാറ്റി ഭാരതം എന്നാക്കാൻ നിർദ്ദേശം നൽകിയത്. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ശുപാർശകൾ സമർപ്പിക്കാൻ 2021ൽ ആണ് 25 സമിതികൾ രൂപീകരിച്ചത്.