മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്ന സംഭവം: കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി∙ അന്വേഷണ ഏജൻസികൾ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിന് മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. മാർഗ നിർദേശങ്ങൾ വേണമെന്ന വാദത്തെ സർക്കാരും അംഗീകരിക്കുന്നുവെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ പറഞ്ഞു. ഹർജിക്കാർക്കു തങ്ങളുടെ നിർദേശങ്ങൾ നൽകാം. സർക്കാർ അതും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി സർക്കാർ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പിന്നീട് വിശദീകരിക്കാമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ പറഞ്ഞപ്പോൾ ഈ ലോകം തന്നെ പ്രതീക്ഷകളുടെ മേലാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്നായിരുന്നു ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളിന്റെ മറുപടി.
ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകർക്കെതിരായ കേസിനു പിന്നാലെ 90 മാധ്യമപ്രവർത്തകരുടെ 300 ഡിജിറ്റൽ ഉപകരണങ്ങളാണ് പിടിച്ചെടുത്തതെന്ന് മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ പറഞ്ഞു. ഇവയെല്ലാം തന്നെ ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും നിത്യ ചൂണ്ടിക്കാട്ടി.
അന്വേഷണ ഏജൻസികൾ ഒരു നിയന്ത്രണവുമില്ലാതെ മാധ്യമ പ്രവർത്തകരുടെ ഫോണുകളടക്കം പിടിച്ചെടുക്കുന്നതിനെതിരെ ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷനൽസ് നൽകിയ ഹർജിയാണ് ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻശു ധുലിയ എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്.