രാജ്യത്ത് ഓരോ മണിക്കൂറിലും മൂന്നിലധികം കൊലപാതകങ്ങൾ; കൂടുതൽ ഉത്തർപ്രദേശിൽ, കാരണം ചൂണ്ടിക്കാട്ടി റിപ്പോർട്ട്
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് ഓരോ മണിക്കൂറിലും മൂന്നിലധികം കൊലപാതകങ്ങൾ നടക്കുന്നുവെന്ന് നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട്. ഒരോ ദിവസവും 78 പേർ കൊല്ലപ്പെടുന്നു. 2022ൽ 28,522 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇതിനു മുൻപുള്ള രണ്ട് വർഷത്തെ അപേക്ഷിച്ച് കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2020ൽ 29,193 പേരും 2021ൽ 29,272 പേരുമാണ് കൊല്ലപ്പെട്ടത്. തർക്കങ്ങളാണ് കൊലപാതകങ്ങളുടെ പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്; 3,491. ബിഹാർ 2,930, മഹാരാഷ്ട്ര 2,295, മധ്യപ്രദേശ് 1,978, രാജസ്ഥാൻ 1,834, ബംഗാൾ 1,696 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്ക്. സിക്കിമിൽ ഒൻപതും, നാഗാലാൻഡിൽ 21ഉം, മിസോറമിൽ 31ഉം പേർ കൊല്ലപ്പെട്ടു. ലക്ഷദ്വീപിൽ ആരും കൊല്ലപ്പെട്ടില്ല. കൊല്ലപ്പെട്ടവരിൽ 95.4 ശതമാനവും പ്രായപൂർത്തിയായവരാണ്. കൊല്ലപ്പെട്ടവരിൽ 70 ശതാനവും പുരുഷൻമാരാണ്.
കഴിഞ്ഞ വർഷം രാജ്യത്ത് ഒരു ലക്ഷത്തിലധികം തട്ടിക്കൊണ്ടു പോകൽ കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഒരോ മണിക്കൂറിലും 12 പേരെ തട്ടിക്കൊണ്ടു പോകുന്നു. ദിവസവും 294 പേരെയാണ് തട്ടിക്കൊണ്ടുപോകുന്നത്. തട്ടിക്കൊണ്ടുപോകലും ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്.
തട്ടിക്കൊണ്ടുപോയതും ബന്ധിയാക്കിയതുമായ 1,17,083 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 2021ൽ 1,01,707 പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിൽ 21,199 പേർ പുരുഷൻമാരും 95,883 പേർ സ്ത്രീകളുമാണ്. 1,16,109 പേരെ രക്ഷിച്ചപ്പോൾ 974 പേരുടെ മൃതദേഹമാണ് ലഭിച്ചത്.