ADVERTISEMENT

തിരുവനന്തപുരം∙ താങ്ങാൻ കഴിയാത്ത സ്ത്രീധനം ചോദിച്ചതാണ് പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നു കുടുംബം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന. കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന എത്തിയപ്പോൾ 50 പവൻ സ്വർണവും 50 ലക്ഷംരൂപയുടെ സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാൽ യുവാവിന്റെ വീട്ടുകാര്‍  150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വരന്റെ വീട്ടുകാർ കൂടുതൽ തുകയും വില കൂടിയ കാറും ആവശ്യപ്പെട്ടതോടെ കുടുംബം സമ്മർദത്തിലായി. വരൻ വിവാഹത്തിൽനിന്ന് പിൻമാറി. ഇതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നു കുടുംബം പറയുന്നു. ഇക്കാര്യങ്ങൾ വിശദമാക്കി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.

ക്ലാസിൽ വരാത്തതിനെ തുടർന്ന് സഹപാഠികൾ താമസസ്ഥലത്തെത്തിയപ്പോൾ മുറി അടച്ച നിലയിലായിരുന്നു. പൊലീസെത്തി തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് ആത്മഹത്യ ചെയ്തതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പിലുണ്ട്. സഹോദരിയുടെയും സഹോദരന്റെയും വിവാഹം കഴിഞ്ഞു. സഹോദരൻ കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ്. വിവാഹത്തിന് ഒരുപാട് പണം ആവശ്യമാണെന്നും ആരും പണം നൽകാനില്ലെന്നും കുറിപ്പിലുണ്ട്.

വെഞ്ഞാറമൂട് സ്വദേശിയായ ഷഹനയുടെ പിതാവ് വർഷങ്ങളായി വിദേശത്തായിരുന്നു. ഇളയ കുട്ടിയാണ് ഷഹന. പഠനത്തിൽ മിടുക്കിയായിരുന്ന ഷഹന ഉയർന്ന മാർക്കോടെയാണ് എല്ലാ പരീക്ഷകളും പാസായത്. മെരിറ്റ് സീറ്റിലാണ് എംബിബിഎസിനു ചേർന്നത്. പിതാവ് മാസങ്ങൾക്കു മുൻപ് ക്യാൻസർ ബാധിച്ചു മരിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. പണം കടം കൊടുത്തിരുന്ന പലരും തിരികെ നൽകാത്തതും കുടുംബത്തെ പ്രതിസന്ധിയിലാക്കി. പിതാവ് മരിച്ചതിനു പിന്നാലെ പണത്തിന്റെ പേരിൽ കല്യാണം മുടങ്ങിയതും ഷഹനയെ മാനസികമായി തളർത്തി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary:

Unaffordable dowry led Shahana to commit suicide, says family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com