തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രി, ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി, ആസ്തി 30 കോടി: ആരാണ് രേവന്ത് റെഡ്ഡി?
Mail This Article
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി (54) ഇന്നു സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി അദ്ദേഹം ചരിത്രം കുറിക്കും. ഏകദേശം 30 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയാകും രേവന്ത് റെഡ്ഡി. കെ.ചന്ദ്രശേഖര റാവു (കെസിആർ) ആണ് ആന്ധ്ര വിഭജിച്ച് 2014ൽ രൂപീകൃതമായ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി.
രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിനുള്ള വേദി കൂടിയാകുമെന്നാണ് വിലയിരുത്തൽ. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി കെസിആർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രേവന്ത് റെഡ്ഡി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങിലെത്തും.
∙ ആരാണ് രേവന്ത് റെഡ്ഡി?
രേവന്ത് റെഡ്ഡിയുടെ കുടുംബത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ്, കുടുംബത്തിന്റെ കൃഷി, റിയൽ എസ്റ്റേറ്റ് മേഖലയിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, 1992ൽ കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഡിയുടെ അനന്തിരവൾ ഗീത റെഡ്ഡിയെ വിവാഹം കഴിച്ചു.
എബിവിപിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കെ.ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന പ്രസ്ഥാനത്തിൽ ചേർന്ന അദ്ദേഹം, 2001ൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) രൂപീകരിക്കുമ്പോൾ കെസിആറിനൊപ്പമായിരുന്നു. 2006-ൽ അദ്ദേഹം ടിആർഎസ് വിട്ട് തെലുങ്കുദേശം പാർട്ടി (ടിഡിപി) യിലെത്തി.
ടിഡിപിയിൽ ചേരുന്നതിന് മുൻപ് സ്വതന്ത്രനായി ജില്ലാ പരിഷത്തിലേക്ക് മത്സരിച്ചു ജയിച്ചു. 2009ലും 2014ലും ടിഡിപി ടിക്കറ്റിൽ കൊടങ്ങൽ സീറ്റിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽനിന്ന് പരാജയപ്പെട്ടു. 2017ൽ ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നു. 2019ൽ കോൺഗ്രസ് ടിക്കറ്റിൽ മൽകാജ്ഗിരിയിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021ൽ, ഉത്തം കുമാർ റെഡ്ഡിക്ക് പകരം തെലങ്കാന കോൺഗ്രസിന്റെ പ്രസിഡന്റായി നിയമിതനായി.
2015ൽ എംഎൽഎസി തിരഞ്ഞെടുപ്പിൽ വോട്ടിനു കോഴ നൽകിയെന്ന കേസിൽ അറസ്റ്റിലായി. ലെജിസ്‌ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയുടെ വോട്ടുറപ്പിക്കാൻ കോഴ നൽകിയെന്നായിരുന്നു കേസ്. റെഡ്ഡി ആൻഡ് റെഡ്ഡി മോട്ടോഴ്‌സിന്റെ ഉടമ സത്യനാരായണ റെഡ്ഡിയുമായി മകൾ നിമിഷയുടെ വിവാഹം 2015ൽ നടക്കുമ്പോൾ രേവന്ത് റെഡ്ഡി ജയിലിലായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമേ ജാമ്യം അനുവദിച്ചുള്ളൂ. 2020ൽ, കെ.ടി.രാമറാവുവിന്റെ ഫാം ഹൗസിന് മുകളിൽ ഡ്രോൺ പറത്തിയതിനും രേവന്ത് അറസ്റ്റിലായിരുന്നു.