കുറ്റം തെളിഞ്ഞാൽ ഡോ.റുവൈസിന്റെ ബിരുദം റദ്ദാക്കും; നടപടിക്ക് ആരോഗ്യ സർവകലാശാല
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മൽ. വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ മൊഴി.
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാർഥികളിൽനിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്ന് മോഹനൻ കുന്നുമ്മൽ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ഗവർണറുടെ നിർദേശപ്രകാരമാണ് രണ്ടു വർഷമായി സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്. സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കോഴ്സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം വാങ്ങുന്നത്. തുടക്കത്തിൽ എല്ലാ വിദ്യാർഥികളിൽനിന്നും ഒരുമിച്ചാണ് വാങ്ങിയത്. ഇപ്പോൾ ഓരോ ബാച്ചിന്റെ തുടക്കത്തിലും പ്രിന്‍സിപ്പൽ സത്യവാങ്മൂലം വാങ്ങുന്നുണ്ട്. നിയമപരമായി ഇതു നിലനിൽക്കുമോ എന്നത് മറ്റൊരു കാര്യമാണെന്ന് വിസി പറഞ്ഞു.
സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയപ്പോൾ തന്നെ അങ്ങനെ ഒപ്പിട്ടു വാങ്ങാൻ അധികാരമുണ്ടോ എന്നു ചോദ്യമുയർന്നിരുന്നു. പക്ഷേ, അത്തരമൊരു നിർദേശം നിലവിലുണ്ട്. കോടതി ഡോ. റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാൽ ബിരുദം റദ്ദാക്കും. ആരോഗ്യ സർവകലാശാലയുടെ നിലപാടാണിത്. വിദ്യാർഥികളിൽ സ്ത്രീധനത്തിനെതിരെ അവബോധം കൊണ്ടുവരുന്നതിനു കൂടിയാണ് സത്യവാങ്മൂലം വാങ്ങുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. പ്രത്യേക ഫോമിലാണ് സത്യവാങ്മൂലം എഴുതി വാങ്ങുന്നത്.
പിജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയറുമായ റുവൈസിന്റെ വിവാഹ ആലോചന വരുന്നത് മാസങ്ങൾക്കു മുൻപാണ്. ഒരേ പ്രൊഫഷൻ ആയതിനാൽ ഷഹ്നയ്ക്കും താൽപര്യം ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായി. വിവാഹ ആലോചന വന്നപ്പോൾ തന്നെ 150 പവനും ബിഎംഡബ്യു കാറും വസ്തുവും വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹ്നയുടെ ഉമ്മ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു. കുടുംബം കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തിൽ വരന്റെ കുടുംബം തൃപ്തരായില്ല. വിവാഹം നടക്കാത്ത സാഹചര്യമുണ്ടായതിൽ ഷഹ്ന മാനസിക വിഷമത്തിലായിരുന്നു. തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് അനസ്തേഷ്യ മരുന്നു കുത്തിവച്ച് ഷഹ്ന മരിച്ചത്.