‘ഭാവി പ്രതീക്ഷയായ യുവ ഡോക്ടറെ ആത്മഹത്യയിലേക്ക് നയിച്ചു, നീചമായ പ്രവൃത്തി’: റുവൈസ് റിമാൻഡിൽ
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ.റുവൈസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ‘ഭാവിയുടെ പ്രതീക്ഷയായ യുവ ഡോക്ടർ’– ഡോ.ഷഹ്നയെ പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള റുവൈസിന്റെ പ്രവൃത്തിയെ ‘അപരിഷ്കൃതം’ എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിവാഹം കഴിക്കുന്നതിന് റുവൈസിന്റെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഷഹ്ന ആത്മഹത്യ ചെയ്തത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
‘‘സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സ്ത്രീധനം പോലുള്ള വിപത്തിന്റെ വക്താവായി ഭാവി പ്രതീക്ഷയായ ഒരു യുവ ഡോക്ടറെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങൾക്ക് ഉത്തരവാദിയായി ആത്മഹത്യ പ്രേരണ നടത്തുകയും ചെയ്ത പ്രതിയുടെ നീചമായ പ്രവൃത്തി അപരിഷ്കൃതവും നിലവിലുള്ള നിയമങ്ങളുടെ ലംഘനം ആണ്’– എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സാമൂഹിക വിപത്തായ സ്ത്രീധനം ആവശ്യപ്പെട്ട പ്രതി സ്ത്രീധന നിരോധന നിയമപ്രകാരമുള്ള ഗുരുതര കുറ്റകൃത്യത്തിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ട് യുവ ഡോക്ടറുടെ മരണത്തിന് ഇരയാക്കിയ ആത്മഹത്യ പ്രേരണാക്കുറ്റമാണ് റുവൈസിനു മേൽ ചുമത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
‘‘പ്രതി സുഹൃത്തായ ഷഹ്നയെ വിവാഹ വാദ്ഗാനം നൽകി സൗഹൃദത്തിൽ കഴിഞ്ഞ ശേഷം വിവാഹം കഴിക്കുന്നതിന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി ബുദ്ധിമുട്ടിച്ചും ആയത് കൊടുക്കാൻ കഴിയാതെ കല്യാണം നടക്കില്ലെന്ന മനോവിഷമത്താൽ ഷഹ്ന ആത്മഹത്യ ചെയ്യുന്നതിന് ഇടയാക്കി ആത്മഹത്യാ പ്രേരണ നടത്തിയ സർജറി വിഭാഗം പിജി ഡോക്ടറായ ഡോ.ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് അപേക്ഷിക്കുന്നു’’എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യാക്കുറിപ്പിൽ പേരു പരാമർശിക്കുന്നതും, ഷഹ്നയുടെ ബന്ധുക്കൾ നൽകിയ മൊഴിയുമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഐപിസി 306 (ആത്മഹത്യാപ്രേരണ), സ്ത്രീധന നിരോധന നിയമം സെക്‌ഷൻ 4 എന്നിവ അനുസരിച്ചാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. ഐപിസി 306 അനുസരിച്ച് 10 വർഷംവരെയും സ്ത്രീധന നിരോധന നിയമം സെക്‌ഷൻ 4 പ്രകാരം 2 വർഷംവരെയും ശിക്ഷ ലഭിക്കാം. റുവൈസിനെ അഡി.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ മാസം 21വരെ റിമാൻഡ് ചെയ്തു. ജില്ലാ കോടതിയാണ് വിചാരണ പരിഗണിക്കേണ്ടത്.
‘സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്...വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കറു കണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലായെന്നുള്ളത് സത്യമാണ്...’–ഇത്തരം പരാമർശങ്ങൾ ആത്മഹത്യാക്കുറിപ്പിൽ ഉള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റുവൈസിന്റെ ഫോണിലേക്ക് ഷഹ്ന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വിവാഹത്തിന് ഉയർന്ന സ്ത്രീധനം ചോദിച്ചതിനെ തുടർന്ന് ഷഹ്നയും റുവൈസും തമ്മിലുള്ള വിവാഹം മുടങ്ങിയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം മുടങ്ങിയ വിഷമത്തിലാണ് ഷഹ്ന അനസ്തേഷ്യ മരുന്നു കുത്തിവച്ച് ആത്മഹത്യ ചെയ്തത്.