ഇന്ത്യക്ക് പകരം ഭാരത്, ലെറ്റർഹെഡിൽ ഭാരത് എന്ന് ഉപയോഗിക്കാൻ നീക്കവുമായി ഗോരഖ്പുർ മുനിസിപ്പൽ കോർപ്പറേഷൻ
Mail This Article
ഗോരഖ്പുർ∙ ഔദ്യോഗിക ലെറ്റർഹെഡിൽ ഇന്ത്യക്കു പകരം ഭാരത് എന്ന് ഉപയോഗിക്കാൻ നീക്കവുമായി ഗോരഖ്പുർ മുനിസിപ്പൽ കോർപ്പറേഷൻ. ഇതുസംബന്ധിച്ച എക്സിക്യുട്ടിവ് കമ്മിറ്റിയുടെ നിർദേശം അടുത്ത ഗോരഖ്പുർ മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് യോഗത്തിൽ അവതരിപ്പിക്കും. ഇതിന് അംഗീകാരം ലഭിച്ചാൽ ഇന്ത്യക്കു പകരം ഭാരത് എന്ന് ഉപയോഗിക്കുന്ന ഉത്തർപ്രദേശിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷനാവും ഗോരഖ്പുർ.
‘‘പുരാതനകാലം മുതലേ ഭാരത് എന്ന നാമം ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടിഷ് ഭരണാധികാരികളാണ് ഇന്ത്യ എന്ന പദം കൊണ്ടുവന്നത്. കൊളോണിയൽ അടിമത്തത്തിന്റെ അടയാളം ഉപേക്ഷിക്കാൻ സമയമായി’’ – ഗോരഖ്പുർ മേയർ മംഗ്ലേഷ് ശ്രീവാസ്തവ പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗോരഖ്പുർ. എല്ലാ അംഗങ്ങളും പുതിയ നിർദേശത്തോടു യോജിപ്പു പ്രകടിപ്പിച്ചതായി ബിജെപി അംഗം അജയ് റായ് പറഞ്ഞു. എസ്‍പി സഭാംഗം സയുൽ ഇസ്‍ലാമും തങ്ങൾക്ക് എതിർപ്പില്ലെന്നു വ്യക്തമാക്കി.