മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഉത്തരവ്; ദിലീപിന് തിരിച്ചടി
Mail This Article
കൊച്ചി∙ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്നു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം നടത്തണം. ഒരുമാസത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണു ഹൈക്കോടതി ഉത്തരവ്. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായം തേടാം. പരാതിയുണ്ടെങ്കിൽ അതിജീവിതയ്ക്കു വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
നടിയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു നടിയുടെ ശ്രമമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2018 ജനുവരി 9നും ഡിസംബർ 13നും 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായി ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു.