പിണറായിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് സി.രഘുനാഥ് പാർട്ടി വിടുന്നു
Mail This Article
കണ്ണൂർ ∙ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് കോൺഗ്രസ് വിടുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയുമായിരുന്നു. അഞ്ച് പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നും രാഷ്ട്രീയ തീരുമാനം വ്യക്തമാക്കാനായി നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും രഘുനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഏതാനും മാസങ്ങളായി പാർട്ടിയുടെ പരിപാടികളിൽനിന്ന് രഘുനാഥ് വിട്ടുനിന്നിരുന്നു. കണ്ണൂർ ജില്ലാ രാഷ്ട്രീയത്തിൽ ഇനിയും സജീവമായി ഉണ്ടാകുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ മറ്റേതെങ്കിലും പാർട്ടിയുടെ ഭാഗമാകുന്നതിനേക്കുറിച്ച് ഇതിൽ പരാമർശമില്ല. ഭാവി തീരുമാനം കൂടെനിന്ന സഹപ്രവർത്തകരോട് ആലോചിച്ച് മാത്രമേ സ്വീകരിക്കൂ എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്..
രഘുനാഥിന്റെ കുറിപ്പിന്റെ പൂർണ രൂപം
പ്രിയപ്പെട്ടവരെ, ഇതാ അവസാനം ഞാൻ കാത്തിരുന്ന ദിവസം എത്തി... ഞാൻ മറ്റന്നാൾ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുന്നു. 5 പതിറ്റാണ്ടിന്റെ കോൺഗ്രസ് ബന്ധം ഞാൻ അവസാനിപ്പിച്ചു പടി ഇറങ്ങുന്നു... കണ്ണൂർ ജില്ലാ രാഷ്ട്രീയത്തിൽ ഞാൻ സജീവമായുണ്ടാകും. ഓരോ ആളും പടി ഇറങ്ങുമ്പോൾ വിദുഷകന്മാർ സ്തുതി ഗീതം പാടട്ടെ... ചില തുറന്നു പറച്ചിലുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക. ഭാവി തീരുമാനം എന്നെ സ്നേഹിക്കുന്ന നൂറു കണക്കിന് സഹപ്രവർത്തകരോട് ആലോചിച്ച് മാത്രം. ഇതുവരെ പാർട്ടിക്കകത്ത് എന്നോട് ചേർന്ന് നിന്നവർ, എന്റെ വളർച്ച ആഗ്രഹിച്ചവർ, വിമർശിച്ചവർ, എല്ലാവർക്കും ഹൃദയത്തിൽ ചേർത്ത നന്ദി... എന്ന് നിങ്ങളുടെ സി. രഘുനാഥ്.