അനുനയം വിജയം; ദേവേന്ദ്ര ഫഡ്നാവിസും പങ്കജ മുണ്ടെയും ഒരേ വേദിയിൽ
Mail This Article
മുംബൈ ∙ ഇടഞ്ഞുനിൽക്കുന്ന ബിജെപി നേതാവ് പങ്കജ മുണ്ടെ ഏറെക്കാലത്തിനു േശഷം, പാർട്ടിയിൽ തന്റെ എതിരാളിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വേദി പങ്കിട്ടു. പങ്കജയുടെ നാടായ ബീഡിൽ സർക്കാർ പരിപാടിക്കിടെയാണിത്. ഫഡ്നാവിസുമായുള്ള ഭിന്നതയിൽ മഞ്ഞുരുകുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഒബിസി മുഖവുമായിരുന്ന അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. 2014ലെ ഫഡ്നാവിസ് സർക്കാരിൽ മന്ത്രിയായിരുന്ന അവർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാർട്ടിയിൽ പങ്കജയുടെ വളർച്ച തടയാൻ ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ തോൽപിച്ചതാണെന്ന മട്ടിൽ പ്രചാരണം ഉയർന്നിരുന്നു. പിന്നീട് എംഎൽസി സ്ഥാനം നൽകി മന്ത്രിസഭയിൽ എത്തിക്കാമായിരുന്നിട്ടും അതുണ്ടായില്ല.
ഇതോടെ പ്രതിഷേധത്തിലായ പങ്കജ കുറച്ചുനാളായി പൊതുരംഗത്തു നിന്നു തന്നെ വിട്ടുനിൽക്കുകയാണ്. പങ്കജ ഇൗ നിലപാട് തുടർന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവരുടെ തട്ടകമായ ബീഡിൽ ഉൾപ്പെടെ ബിജെപിക്കു തിരിച്ചടിക്കുള്ള സാധ്യത നിലനിൽക്കെ, പാർട്ടി സംസ്ഥാന അധ്യക്ഷൻ അടുത്തയിടെ പങ്കജയെ സന്ദർശിച്ച് അനുനയ ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഫഡ്നാവിസ് പങ്കെടുത്ത ചടങ്ങിൽ അവർ എത്തിയത്.