പ്രഗതി ഭവൻ പ്രജാ ഭവനായി, ഇരുമ്പു വേലി മാറ്റി; അധികാരമേറ്റ നാൾ മാറ്റങ്ങൾക്കു തുടക്കമിട്ട് രേവന്ത്
Mail This Article
ഹൈദരാബാദ് ∙ മുഖ്യമന്ത്രിയായി അധികാരമേറ്റ ആദ്യ ദിവസം തന്നെ തെലങ്കാനയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട് രേവന്ത് റെഡ്ഡി. ഹൈദരാബാദിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനെ ‘പ്രജാഭവനാ’യി പുനർനാമകരണം ചെയ്ത രേവന്ത്, ഇതിനു മുന്നിലുള്ള വലിയ ഇരുമ്പു വേലിയും നീക്കി. സത്യപ്രതിജ്ഞാ ദിനമായ ഇന്നു രാവിലെ തന്നെ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം ജനങ്ങൾക്ക് രേവന്ത് നൽകിയ ഉറപ്പുകൾ കൂടിയായിരുന്നു ഇത്. പ്രഗതി ഭവനിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുമെന്നും ഡോ.ബി.ആർ.അംബേദ്കർ പ്രജാ ഭവൻ എന്ന് പുനർനാമകരണം ചെയ്യുമെന്നും രേവന്ത് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. 2016–17 വർഷത്തിലാണ് ബെഗുംപേട്ടിലുള്ള വസതി നിർമിച്ചത്.
നഗരഹൃദയത്തിൽ ഒൻപത് ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന വസതി നിർമിക്കാനായി ഇവിടെയുണ്ടായിരുന്ന ഐഎഎസ് ഓഫിസർമാരുടെ 10 ക്വാർട്ടേഴ്സും 24 പ്യൂൺ ക്വാർട്ടേഴ്സും പൊളിച്ചുനീക്കിയിരുന്നു. 50 കോടി രൂപയാണ് നിർമാണച്ചെലവ്. പൊതുനിരത്ത് കൈയേറി സഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയിലാണ് മുൻമുഖ്യമന്ത്രി കെസിആർ വേലിക്കെട്ട് നിർമിച്ചതെന്ന പരാതി നേരത്തെതന്നെ ഉയർന്നിരുന്നു.
വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ 12 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. മുതിർന്ന നേതാവ് മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു വൈകുന്നേരം ആറിനു നടക്കും.