തെലങ്കാനയിൽ രേവന്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു; സാക്ഷികളായി സോണിയഗാന്ധിയും രാഹുലും പ്രിയങ്കയും
Mail This Article
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. സത്യപ്രതിജ്ഞക്ക് മുന്നോടിയായി സോണിയഗാന്ധിയും രേവന്ത് റെഡ്ഡിയും തുറന്ന വാഹനത്തിൽ സഞ്ചരിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
വൻ ജനാവലിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ സ്റ്റേഡിയത്തിലെത്തിയത്.. മുഖ്യമന്ത്രി ഉൾപ്പെടെ 12 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. മുതിർന്ന നേതാവ് മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു വൈകുന്നേരം ആറിനു നടക്കും.
രേവന്ത് ഇന്നലെ ഡൽഹിയിലെത്തി , സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്കു പാർലമെന്റിലെത്തിയ അദ്ദേഹം അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് എംപിമാർ അദ്ദേഹത്തെ ലോക്സഭയിലേക്കു വരവേറ്റു.
തെലങ്കാനയുടെ രൂപീകരണത്തിനു ശേഷം ഇവിടെ അധികാരത്തിലെത്തുന്ന ആദ്യ ബിആർഎസ് ഇതര പാർട്ടിയാണ് കോൺഗ്രസ്. കഴിഞ്ഞ രണ്ടു തവണയും മികച്ച വിജയം നേടിയ കെ.ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിനെ വീഴ്ത്തിയാണ് ഇത്തവണ കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പു നടന്ന 119 സീറ്റിൽ 64 എണ്ണത്തിലാണ് കോൺഗ്രസ് വിജയിച്ചത്.