രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സാധ്യതാ പട്ടികയിൽ ഒന്നാമനായി അശ്വിനി വൈഷ്ണവ്; സത്യപ്രതിജ്ഞ ഡിസംബർ 12ന്
Mail This Article
ജയ്പുർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും കേന്ദ്രമന്ത്രിയുമായ അശ്വിനി വൈഷ്ണവ് രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സാധ്യത. സാധ്യതാ പട്ടികയിൽ ഒന്നാമൻ അശ്വനി വൈഷ്ണവ് തന്നെയെന്നാണ് സൂചന. രണ്ടു ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. സാങ്കേതിക വിദഗ്ധനായ അശ്വിനി വൈഷ്ണവ്‍ സംവരണവിഭാഗക്കാർക്കു കൂടി സമ്മതനായ സവർണ വിഭാഗക്കാരനാണ്. അപ്രതീക്ഷിതമായാണ് അശ്വനി വൈഷ്ണവിന്റെ പേര് ഉയര്‍ന്നുവന്നത്. ഒഡിഷയില്‍നിന്നുള്ള രാജ്യസഭാംഗമായ അശ്വിനി വൈഷ്ണവ് നിലവില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയാണ്.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും പാർട്ടിയുടെ പരിഗണനയിലുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിക്ക് രജപുത്രരായ മുഖ്യമന്ത്രിമാരുള്ളതിനാൽ അശ്വിനി വൈഷ്ണവിനാണ് സാധ്യത കൂടുതൽ. ദലിത് വിഭാഗത്തിൽ നിന്നുള്ള അർജുൻ റാം മേഘവാളിന്റെ പേരും മുൻഗണനാപട്ടികയിലുണ്ട്. ഭരണത്തിലുള്ള ഒരു സംസ്ഥാനത്തും ബിജെപിക്ക് ദലിത് മുഖ്യമന്ത്രിമാരില്ല. അർജുൻ റാം മേഘവാളിനെ മുഖ്യമന്ത്രിയാക്കിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദലിതരെ ഒപ്പംനിർത്താൻ സാധിക്കുമെന്ന നിരീക്ഷണവും പാർട്ടിക്കുണ്ട്.
സംഘടനാതലത്തിൽ നിന്നുയരുന്ന മറ്റൊരു പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ഓം മാത്തൂരിന്റെതാണ്. രാജസ്ഥാൻ ബിജെപി പ്രസിഡന്റും ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വ്യക്തിയുമായിരുന്നു ഓംമാത്തൂർ. ഛത്തീസ്ഗഡിലും രാജസ്ഥാനിലും പാർട്ടിയുടെ വിജയത്തിനു കാരണം ഓം മാത്തൂരിന്റെ പ്രവർത്തന മികവാണെന്ന വിലയിരുത്തലുണ്ട്. ഗെലോട്ട് സർക്കാരിൽ ശക്തമായ പ്രതിപക്ഷ ശബ്ദമായി മാറിയ കിരോഡി ലാൽ മീണ ചിത്തോർഗഡ് എംപി സി.പി. ജോഷി, ബാബ കൽനാഥ്, ദിയ കുമാരി എന്നിവരും പരിഗണനാപട്ടികയിലുണ്ട്. ഡിസംബർ 12നാണ് രാജസ്ഥാനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക