2018 മുതൽ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർഥികൾ, ഏറ്റവും കൂടുതൽ കാനഡയിൽ: വി.മുരളീധരൻ
Mail This Article
ന്യൂഡൽഹി ∙ 2018 മുതൽ വിവിധ കാരണങ്ങളാൽ 403 ഇന്ത്യൻ വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽവച്ചു മരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സ്വാഭാവിക കാരണങ്ങളാലും അപകടങ്ങളിൽ പെട്ടുമുൾപ്പെടെയാണ് 34 രാജ്യങ്ങളിലായി ഇത്രയും പേർ മരിച്ചത്. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാനഡയിലാണെന്നും അവിടെ 91 പേർ മരിച്ചെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
48 പേർ മരിച്ച യുകെയാണ് രണ്ടാമത്. റഷ്യ (40), യുഎസ് (36), ഓസ്ട്രേലിയ (35), യുക്രൈൻ (21), ജർമനി (20), സൈപ്രസ് (14), ഇറ്റലി (10), ഫിലിപൈൻസ് (10) എന്നീ രാജ്യങ്ങളാണ് പട്ടികയിൽ പിന്നാലെയുള്ളത്. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സംരക്ഷണത്തിന് രാജ്യം പ്രത്യേക പരിഗണ നൽകുന്നുണ്ട്. വിദേശ സർവകലാശാലകളിൽ നേരിട്ടെത്തി ഉദ്യോഗസ്ഥർ വിദ്യാർഥികളിൽനിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
നിരവധി ഇന്ത്യൻ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണാന്‍ ശ്രമിക്കാറുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മരണം സംഭവിക്കുമ്പോഴെല്ലാം പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെടാറുണ്ട്. അവിടെനിന്ന് കാര്യങ്ങൾ വിശദമായി അറിയാന്‍ ശ്രമിക്കാറുണ്ടെന്നും മരിച്ചവരുടെ കുടുംബവുമായി പരമാവധി വേഗത്തിൽ ബന്ധപ്പെടാറുണ്ടെന്നും ബാഗ്ചി വ്യക്തമാക്കി.