അധികാരമേറ്റ് രണ്ടാം നാൾ ആദ്യ പ്രജാ ദർബാർ; രേവന്ത് റെഡ്ഡിയെ കാണാൻ എത്തിയത് നൂറുകണക്കിന് ആളുകൾ
Mail This Article
ഹൈദരാബാദ് ∙ അധികാരമേറ്റ് രണ്ടാം നാൾ ഔദ്യോഗിക വസതിയിൽ ജനസമ്പർക്ക പരിപാടിയായ ‘പ്രജാ ദർബാർ’ സംഘടിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രധാനമായും ഭിന്നശേഷിക്കാർക്ക് അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയിക്കാനുള്ള അവസരമാണ് വെള്ളിയാഴ്ച പ്രജാ ദർബാറിലൂടെ നൽകിയത്. മന്ത്രിമാരായ ശ്രിനിവാസ റെഡ്ഡി, ദനസരി അനസൂയ എന്നിവരും ദർബാറിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം പ്രഗതി ഭവൻ എന്ന ഔദ്യോഗിക വസതിയെ ‘ജ്യോതിറാവു ഫുലെ പ്രജാ ഭവൻ’ എന്ന് പുനർനാമകരണം ചെയ്തിരുന്നു.
മുഖ്യമന്ത്രിയെ നേരിൽ കാണാനും പ്രശ്നങ്ങൾ അറിയിക്കാനുമായി നൂറുകണക്കിന് ആളുകളാണ് പ്രജാഭവനിലെത്തിയത്. സംസ്ഥാനത്തെ ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ പ്രജാ ദര്‍ബാറുകൾ സംഘടിപ്പിക്കാനുള്ള ക്രമീകരണം നടക്കുന്നുണ്ട്. പരാതികൾ ഓൺലൈനായി നൽകാനുള്ള സംവിധാനത്തിനും തുടക്കമായി. ഹൈദരാബാദിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മുഖ്യമന്ത്രിയെ കാണാൻ ആളുകളെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞയ്ക്കു മുൻപുതന്നെ വസതിക്കു മുന്നിലുള്ള ബാരിക്കേഡുകളും ഇരുമ്പുവേലിയും പൊളിച്ചുനീക്കിയിരുന്നു. തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം ജനങ്ങൾക്ക് രേവന്ത് നൽകിയ ഉറപ്പുകൾ കൂടിയായിരുന്നു ഇത്. പ്രഗതി ഭവനിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുമെന്നും പ്രജാ ഭവൻ എന്ന് പുനർനാമകരണം ചെയ്യുമെന്നും രേവന്ത് വ്യക്തമാക്കിയിരുന്നു. പൊതുനിരത്ത് കൈയേറിയാണ് മുൻമുഖ്യമന്ത്രി കെസിആർ വേലിക്കെട്ട് നിർമിച്ചതെന്ന പരാതിയുമുണ്ടായിരുന്നു.