മോഷണവിവരം പൊലീസിൽ അറിയിച്ച യുവാവ് പൊലീസ് സ്റ്റേഷനിൽ മരിച്ചു; മരണത്തിൽ ദുരൂഹത
Mail This Article
ന്യൂഡൽഹി ∙ മോഷണത്തിനും മർദനത്തിനും ഇരയായ വിവരം പൊലീസിൽ അറിയിച്ച യുവാവ് ദുരൂഹസാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാരനായ രാഹുൽ യാദവ് (34) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണത്തിന് ഇരയായതായി ബാബ ഹരിദാസ് നഗർ പൊലീസ് സ്റ്റേഷനിൽ രാഹുൽ വിളിച്ചറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രാഹുലിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.
അമിതമായി മദ്യപിച്ച നിലയിലായിരുന്നു രാഹുലെന്നും പരസ്പരം അറിയാവുന്നവർ തമ്മിലുള്ള വഴക്കാണു നടന്നതെന്നും ഡിസിപി ഹർഷ വർധൻ പറഞ്ഞു. അമിതമായി മദ്യപിച്ചിരുന്നതിനാൽ രാഹുലിനെ സ്റ്റേഷനിൽ തന്നെ ഇരുത്തി. പുലർച്ചെ ഒരുമണിയോടെ മാതാവ് സ്റ്റേഷനിലെത്തി രാഹുലിനെ കണ്ടിരുന്നു. രാവിലെ അഞ്ചരയ്ക്ക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ രാഹുലിന് അനക്കമില്ലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചെന്ന് ഡിസിപി അറിയിച്ചു.
രാഹുലിനെ ആക്രമിച്ചതായി പറയപ്പെടുന്ന ആസാദിനെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ, മരണത്തിൽ ദുരൂഹതയുള്ളതായി രാഹുലിന്റെ അമ്മയും ഭാര്യയും ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അഭ്യർഥിച്ചിട്ടും രാഹുലിനെ വീട്ടിലേക്കു വിടാൻ പൊലീസ് തയാറായില്ലെന്ന് അമ്മ പറഞ്ഞു. രാഹുലിന്റെ കയ്യിലുണ്ടായിരുന്ന 38,000 രൂപയും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തതായും ബന്ധുക്കൾ പറഞ്ഞു.