ADVERTISEMENT

തിരുവനന്തപുരം∙ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിവാഹാലോചന മുടങ്ങിയതിനു പിന്നാലെ, ഡോ. റുവൈസ് മൊബൈൽ ഫോണിൽ ബ്ലോക്ക് ചെയ്തതോടെയാണ് യുവ ഡോക്ടർ ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസ്. റുവൈസിന്റെ കുടുംബം ഭീമമായ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാഹാലോചന മുടങ്ങിയത്.

വിവാഹത്തിൽ നിന്നും പിന്‍മാറിയ റുവൈസിന് തിങ്കളാഴ്ച രാവിലെ ഷഹ്ന വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. മരിക്കാൻ പോകുകയാണെന്നും ഷഹ്ന മെസേജ് അയച്ചിരുന്നു. ഇതിനു പിന്നാലെ റുവൈസ് നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഷഹ്നയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം കണ്ടെത്തിയത്. റുവൈസിന്റെ ഫോണിൽനിന്ന് ഈ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. അന്നു രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയിൽ താമസസ്ഥലത്തു കണ്ടെത്തിയത്.

ഷഹ്ന ജീവനൊടുക്കാൻ പെട്ടെന്നുണ്ടായ പ്രകോപനം ഇതാണോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദഗ്ധ പരിശോധനയ്ക്കായി റുവൈസിന്‍റെയും ഷഹ്നയുടെയും ഫോണുകള്‍ കൈമാറി. കേസില്‍ റുവൈസിന്‍റെ പിതാവ് ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ക്കാനും ആലോചനയുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടതിൽ റുവൈസിന്റെ പിതാവിനും പങ്കുണ്ടെന്ന് ഷഫ്നയുടെ കുടുംബം മൊഴി നൽകിയിരുന്നു.

150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യു കാറും ഉൾപ്പെടെ റുവൈസിന്റെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടെന്നാണ് ഷഫ്നയുടെ കുടുംബം നൽകിയ മൊഴി. ഇത്രയും നല്‍കാനില്ലെന്നും 50 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും കാറും നല്‍കാമെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചെങ്കിലും റുവൈസിന്‍റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുടുംബത്തിന്‍റെ തീരുമാനത്തെ എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് റുവൈസ് വ്യക്തമാക്കിയതോടെ മനംനൊന്ത് ഷഹ്ന ജീവനൊടുക്കുകയായിരുന്നു. കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത റുവൈസിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

English Summary:

Doctor's Suicide Exposes Dowry Menace Amidst Police Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com