ADVERTISEMENT

ന്യൂഡൽഹി∙ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന കെ.സുധാകരൻ എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം. ലോക്‌സഭയിൽ കെ.സുധാകരൻ എംപി ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകിയത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചോദ്യത്തിന് മറ്റൊരു കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ മീനാക്ഷി ലേഖിയുടെ പേരിലാണ് സുധാകരനു മറുപടി ലഭിച്ചത്.

എന്നാൽ, ഹമാസുമായി ബന്ധപ്പെട്ട ചോദ്യങ്ങളുള്ള പേപ്പറുകളിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് അറിയിച്ച് അവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇക്കാര്യത്തിൽ സാങ്കേതിക പിഴവു സംഭവിച്ചതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യൻ സർക്കാരിന് എന്തെങ്കിലും നിർദ്ദേശമുണ്ടോയെന്നും ഇതു സംബന്ധിച്ച് ഇസ്രയേൽ സർക്കാർ എന്തെങ്കിലും ആവശ്യമുന്നയിച്ചിട്ടുണ്ടോയെന്നുമായിരുന്നു കെ.സുധാകരന്റെ ചോദ്യം. ‘‘ഒരു സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽ വരും. ഏതെങ്കിലും സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പരിഗണിക്കും’’– എന്നായിരുന്നു മീനാക്ഷി ലേഖിയുടെ പേരിൽ വന്ന മറുപടിയിലുണ്ടായിരുന്നത്.

പാർലമെന്റിലെ ഈ ചോദ്യത്തിനുള്ള മറുപടി സംബന്ധിച്ച രേഖ ലോക്‌സഭയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റിലും വന്നിരുന്നു. ഇതു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി മീനാക്ഷി ലേഖി രംഗത്തെത്തിയത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട ഒരു രേഖയിലും താൻ ഒപ്പുവച്ചിട്ടില്ലെന്നും എങ്ങനെ ഇങ്ങനെ ഒരു ഉത്തരം വന്നുവെന്ന് അന്വേഷിക്കാൻ വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി. മന്ത്രിയുടെ പേരിൽ വെബ്സൈറ്റിൽ തെറ്റായ രേഖ വന്നത് സുരക്ഷാ വീഴ്ചയാണെന്നും വിമർശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് സാങ്കേതിക പിഴവു പറ്റിയാണെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരണക്കുറിപ്പിറക്കിയത്.

ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നയോർ ഗിലോൺ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയായത്.

English Summary:

Making technical changes: MEA on question on Hamas in Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com