ADVERTISEMENT

ചെന്നൈ ∙ 100 മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രാർഥനകളെല്ലാം നിഷ്ഫലമാക്കി, വേളാച്ചേരിയിൽ കുഴിയിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. നിർമാണ കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയർ ആർ.ജയശീലൻ (32), സമീപത്തെ എൽപിജി ഇന്ധന പമ്പ് ജീവനക്കാരൻ എസ്.നരേഷ് (21) എന്നിവരാണ് മരിച്ചത്. 

ഇരുവരും വേളാച്ചേരി സ്വദേശികളാണ്. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത ഗിണ്ടി പൊലീസ്, നിർമാണ കമ്പനിയുടെ സൈറ്റ് സൂപ്പർവൈസർമാരായ എഴിൽ, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. 

ഗ്രീൻടെക് സ്ട്രക്ചറൽ കൺസ്ട്രക്‌ഷൻസ് ഉടമ ശിവകുമാർ, മാനേജർ മണികണ്ഠൻ എന്നിവർക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.

മിഷോങ് ചുഴലിക്കാറ്റും മഴയും വീശിയടിച്ച കഴിഞ്ഞ 4ന് രാവിലെയാണ്, നിർമാണപ്രവർത്തനങ്ങൾക്കായുള്ള, 60 അടിയോളം ആഴമുള്ള കുഴിയിൽ ഇരുവരും അകപ്പെട്ടത്. 

നിർമാണ കമ്പനി ഓഫിസായി പ്രവർത്തിച്ചിരുന്ന കണ്ടെയ്നറും റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രവും സമീപത്തെ ഇന്ധന പമ്പിന്റെ ഭാഗങ്ങളും കുഴിയിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. 

5 പേർ കുഴിയിൽ കുടുങ്ങിയെങ്കിലും സമീപത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ 3 പേരെ രക്ഷപ്പെടുത്തി. കൂടുതൽ മഴവെള്ളം കുഴിയിലേക്ക് ഒഴുകിയെത്തിയതോടെ രക്ഷാപ്രവർത്തനം അസാധ്യമാകുകയായിരുന്നു.

അഗ്നിരക്ഷാ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയ്ക്കു പുറമേ എൽആൻഡ്ടി, എൻഎൽസി എന്നിവയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ശക്തിയേറിയ പമ്പുകളടക്കമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ വെള്ളവും ചെളിയും നീക്കിയാണ്, മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. 

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു ധനസഹായം നൽകുമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കോർപറേഷൻ കമ്മിഷണർ ജെ.രാധാകൃഷ്ണൻ പറഞ്ഞു. അപകടത്തിനു കാരണമായ നിർമാണപ്രവർത്തനം നടത്തിയ കമ്പനി പൊതുമരാമത്ത് മന്ത്രി എ.വി.വേലുവുമായി ബന്ധമുള്ളതാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ മന്ത്രി നിഷേധിച്ചു.

English Summary:

Two bodies retrieved from 60-foot trench at construction site in Chennai's Velachery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com