അനന്തിരവൻ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് മായാവതി
Mail This Article
ലക്നൗ∙ രാഷ്ട്രീയ പിന്‍ഗാമിയായി അനന്തിരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ഞായറാഴ്ച ലക്നൗവിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതെന്നാണ് വിവരം. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഒഴിച്ച് ബാക്കിയുള്ള സംസ്ഥാനങ്ങളാണ് ആകാശിന്റെ പരിധിയിൽ വരുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, പാർട്ടി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ഉത്തർപ്രദേശും ഉത്തരാഖണ്ഡും മായാവതിയുടെ നേരിട്ടുള്ള ചുമതലയിൽത്തന്നെയായിരിക്കും.
ലണ്ടനിൽനിന്നുള്ള എംബിഎ ബിരുദധാരിയാണ് 28കാരനായ ആകാശ്. 2016ൽ മായാവതിക്കൊപ്പം സഹാരൻപുരിലെ പരിപാടിയാണ് ആദ്യമായ പ്രത്യക്ഷപ്പെട്ടത്. 2017 ഫെബ്രുവരിയിൽ മീററ്റിലെ റാലിയിലും മായാവതിക്കൊപ്പമെത്തി. 2019ൽ ബിഎസ്പിയുടെ ‘താര പ്രചാരകരുടെ’ പട്ടികയിലും ആനന്ദ് ഉൾപ്പെട്ടിരുന്നു. 2019ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മായാവതിയെ 48 മണിക്കൂർ പ്രചാരണത്തിൽനിന്നു വിലക്കിയപ്പോൾ ആഗ്രയിൽ മായാവതിക്കുവേണ്ടി പ്രസംഗിച്ചത് ആകാശ് ആയിരുന്നു.
2022ൽ രാജസ്ഥാനിലെ അജ്മീറിൽ അദ്ദേഹം നടത്തിയ പദയാത്ര പാർട്ടിക്കു കരുത്തു പകർന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മായാവതിയുടെ പ്രഖ്യാപനം രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. യുവാക്കളെ പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കാനാണ് ആകാശിനെ ഉയർത്തിക്കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.