ADVERTISEMENT

തിരുവനന്തപുരം∙ അമൂല്യമായ തോറിയം സമ്പത്ത് ചില സ്വകാര്യ കമ്പനികളും വ്യക്തികളും സർക്കാർ സംവിധാനത്തിന്റെ സഹായത്തോടെ വർഷങ്ങളായി കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇതു തടയാൻ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോറിയം സമ്പത്ത് കൊള്ളയടിക്കുന്നു എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പ് വായിക്കാം

തോറിയം സമ്പത്ത് കൊള്ളയടിക്കുന്നു

കേരളത്തിന്റെ അമൂല്യമായ തോറിയം സമ്പത്ത് ചില സ്വകാര്യ കമ്പനികളും വ്യക്തികളും സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ വർഷങ്ങളായി കൊള്ളയടിക്കുകയാണ്. രാജ്യ താൽപര്യം മുൻനിർത്തി ഇതു തടയാൻ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണം.

ലോകവിപണിയിൽ വൻ വിലയുള്ള ആണവ ഇന്ധനമായ തോറിയത്തിന്റെ അയിരായ മോണോസൈറ്റ് വിദേശങ്ങളിലേക്കു കടത്തിയാണ് സ്വകാര്യ കമ്പനികൾ കൊള്ളലാഭം നേടുന്നത്. ഇവരെ സഹായിക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം ലാഭവിഹിതം വിദേശനാണ്യമായും അല്ലാതെയും പറ്റുന്നു.

സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം കേന്ദ്രനിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും, പൊതുമേഖലാ സ്ഥാപനങ്ങൾ മുഖേനയാണ് ചില സ്വകാര്യ കമ്പനികൾ തുച്ഛമായ വിലയ്ക്ക് ടൺകണക്കിന് കരിമണൽ വാങ്ങിക്കൊണ്ടിരിക്കുന്നത്. കരിമണലിൽ നിന്നും മോണോസൈറ്റ് വേർതിരിച്ചെടുത്ത് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു. മറ്റുധാതുക്കൾ ഉപയോഗിച്ചാണ് ടൈറ്റാനിയം, സിന്തറ്റിക്ക് റൂട്ടൈയിൽ തുടങ്ങിയ ഉൽപന്നങ്ങൾ നിർമിക്കുന്നത്.

ആലപ്പാട്, തൃക്കുന്നപ്പുഴ ആറാട്ടുപുഴ, തോട്ടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കരിമണൽ നിക്ഷേപമുള്ള സ്ഥലങ്ങൾ ചില സ്വകാര്യവ്യക്തികൾ ഭൂനിയമം ലംഘിച്ചു വാങ്ങിക്കൂട്ടിയിട്ടുണ്ട്. സർക്കാർ കൈവശമുള്ള സ്ഥലങ്ങളിൽ നിന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ ഇപ്പോഴും കരിമണൽ ടാങ്കർ ലോറികളിൽ കടത്തിക്കൊണ്ടിരിക്കുന്നത്.

കേരള തീരത്തെ രണ്ടു ലക്ഷത്തോളം ടൺ വരുന്ന തോറിയം നിക്ഷേപം ഒരു അക്ഷയ ഖനിയാണ്. ഇത് യഥായോഗ്യം വിനിയോഗിച്ചാൽ കേരളത്തിനു ഭാവിയിൽ സാമ്പത്തിക സുസ്ഥിരത നേടാം. മികച്ച ഊർജ സ്രോതസായ തോറിയം ഉപയോഗിച്ചാണ് ആണവ നിലയങ്ങൾ പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ വൈദ്യുതി ഉല്‍പാദിപ്പിക്കാം. റോക്കറ്റ്, വേഗതയേറിയ വിമാനങ്ങൾ എന്നിവയ്ക്ക് ഇന്ധനമായി ഉപയോഗിക്കാം.

English Summary:

Cherian Philip Facebook Post On Thorium Deposit In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com