യെസ് ബാങ്ക് തട്ടിപ്പ്: ചികിത്സാ ആവശ്യങ്ങൾക്കായി ധീരജ് വധ്വാന് ജാമ്യം
Mail This Article
മുംബൈ∙ യെസ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐയും ഇഡിയും അറസ്റ്റ് ചെയ്ത ഡിഎച്ച്എഫ്എൽ (ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ) പ്രമോട്ടർ ധീരജ് വധ്വാന് ബോംബെ ഹൈക്കോടതി ചികിത്സാ ആവശ്യങ്ങൾക്കായി ജാമ്യം അനുവദിച്ചു.
നട്ടെല്ലിൽ ശസ്ത്രക്രിയ നടത്താനും വിശ്രമിക്കുന്നതിനുമായി എട്ട് ആഴ്ചയാണ് അനുവദിച്ചിരിക്കുന്നത്. ഇഡിയുടെ കേസിൽ നേരത്തെ സുപ്രീംകോടതി ധീരജിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകേസിൽ പ്രതിയായ ധീരജ് വധ്വാനെ 2020ൽ ആണ് കസ്റ്റഡിയിലെടുത്തത്. 17 ബാങ്കുകളിൽ നിന്ന് പല കാലങ്ങളിലായി 34615 കോടി രൂപ വക മാറ്റിയെന്ന കുറ്റമാണ് ഡിഎച്ച്എഫ്എല്ലിന് എതിരെ സിബിഐ ചുമത്തിയത്. ഭവനവായ്പ നൽകാനെന്ന് പറഞ്ഞാണ് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തത്. ഇത്തരത്തിലെടുത്ത 14000 കോടി രൂപ പിന്നീട് ഇവരുടെ കടലാസ് കമ്പനികളിലേക്ക് നിക്ഷേപിച്ചു. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി സാങ്കൽപിക പേരുകൾ നൽകി വായ്പയായി നൽകിയെന്ന രേഖയും ഉണ്ടാക്കി. ഇതിനുശേഷം പ്രധാനമന്ത്രി ആവാസ് യോജനയിൽനിന്ന് സബ്സിഡിയായി 1880 കോടി രൂപയ്ക്ക് അവകാശമുന്നയിച്ചു.