ആ അച്ഛൻ യാത്രയായി; മകളെ കൊന്നവർക്ക് ശിക്ഷയുറപ്പിച്ച ശേഷം
Mail This Article
ന്യൂഡൽഹി∙ നീതിതേടിയുള്ള നെട്ടോട്ടത്തിനൊടുവിൽ മകളുടെ ഘാതകർക്കു ശിക്ഷ വാങ്ങിക്കൊടുത്ത ശേഷമാണ് വിശ്വനാഥൻ യാത്രയായത്. ഡൽഹിയിൽ 2008ൽ വെടിയേറ്റു മരിച്ച മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം.കെ. വിശ്വനാഥൻ (80) പതിനഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടങ്ങൾക്കു സമാനതകളില്ല. ഹൃദയാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ അന്തരിച്ചു.
മകളെ നഷ്ടപ്പെടുന്ന 2008ൽ 65 വയസ്സായിരുന്നു വിശ്വനാഥന്. ഭാര്യ മാധവിയും 60 പിന്നിട്ടിരുന്നു. ശരീരം വഴങ്ങാതിരുന്ന കാലത്ത്, അൻപതോളം തവണയാണ് ഇരുവരും കോടതി മുറികൾ കയറിയിറങ്ങിയത്. ഇക്കഴിഞ്ഞ നവംബർ 25നാണ് വിചാരണക്കോടതി പ്രതികളുടെ വിധിച്ചത്. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും അഞ്ചാം പ്രതി അജയ് സേത്തിക്ക് 3 വർഷം തടവുമാണു ശിക്ഷ. ഒപ്പം പിഴയും.
വിധി പറയുന്നതിന് ഏതാനും ദിവസം മുൻപു വിശ്വനാഥൻ ആശുപത്രിയിലായി. പ്രതികൾ കുറ്റക്കാരാണെന്ന് വിധിക്കുന്ന ദിവസം വരെയും പിന്നീട് ഹർജികൾ പരിഗണിച്ച ദിവസവുമെല്ലാം എന്നും ഭാര്യയ്‌ക്കൊപ്പം കോടതിയിലെത്തിയിരുന്നു. കുറ്റക്കാരെന്നു വിധിച്ച ഒക്ടോബർ 18ന് കോടതി മുറിയിൽ നിശ്ശബ്ദനായി തലകുമ്പിട്ടിരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ ഓടിയെത്തി ആലിംഗനം ചെയ്തപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു. ശിക്ഷ വിധിച്ച ദിവസം ശസ്ത്രക്രിയയയെ തുടർന്ന് അർധബോധാവസ്ഥയിലായിരുന്നു. എന്നിട്ടും ഇടയ്‌ക്കൊന്നു കൺതുറന്നപ്പോൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു; അവസാന നിമിഷം വരെ സൗമ്യയ്ക്കു വേണ്ടി ജീവിച്ച ആ അച്ഛൻ.