ചികിത്സയിലുള്ള കെസിആറിനെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി – വിഡിയോ
Mail This Article
ഹൈദരാബാദ്∙ കുളിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) അധ്യക്ഷനുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആശുപത്രിയിലെത്തി സന്ദർശിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് കെസിആർ ചികിത്സയിലുള്ളത്.
കെസിആറിന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ ചീഫ് സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിതായി രേവന്ത് റെഡ്ഡി അറിയിച്ചു.
‘‘വേഗം സുഖം പ്രാപിക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ അറിയിക്കാൻ തെലങ്കാന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. ജനങ്ങൾക്ക് നല്ല ഭരണം ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമാണ്’’– രേവന്ത് റെഡ്ഡി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തെത്തുടർന്ന് കഴിഞ്ഞ 3ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കെസിആർ ഡിസംബർ 7ന് എരവേലിയിലെ വീട്ടിലാണു തെന്നിവീണത്. അദ്ദേഹത്തിന്റെ ഇടുപ്പെല്ലു മാറ്റിവയ്ക്കാൻ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ചികിത്സ പൂർണമാകാൻ 6–8 ആഴ്ച വേണ്ടിവരും.