തടവിലുള്ള നർഗീസ് മുഹമ്മദിക്കായി സമാധാന നൊബേൽ ഏറ്റുവാങ്ങി മക്കൾ; അമ്മ തയാറാക്കിയ പ്രസംഗം വായിച്ചു
Mail This Article
ഓസ്‍ലോ∙ ഇറാനിൽ തടവറയിൽ കഴിയുന്ന നർഗീസ് മുഹമ്മദിക്കു വേണ്ടി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മക്കൾ ഏറ്റുവാങ്ങി. നോർവേയിലെ ഓസ്‍ലോ സിറ്റി ഹാളിൽവച്ചായിരുന്നു പുരസ്കാര വിതരണം. നർഗീസിന്റെ 17 വയസ്സുകാരായ ഇരട്ടക്കുട്ടികൾ അലി, കിയാനി എന്നവരാണു പുരസ്കാരം ഏറ്റുവാങ്ങിയത്. തുടർന്ന് നർഗീസ് തയാറാക്കിയ പ്രസംഗം വായിക്കുകയും ചെയ്തു. ഇറാനിലെ സേച്ഛാധിപത്യ ഭരണത്തെ കടുത്ത ഭാഷയിൽ തന്റെ പ്രസംഗത്തിൽ നർഗീസ് വിമർശിക്കുന്നുണ്ട്. അടിച്ചമർത്തലിനെ ഇറാനിയൻ ജനത മറികടക്കുമെന്നും പ്രസംഗത്തിലുണ്ട്.
മക്കൾ പുരസ്കാരം ഏറ്റുവാങ്ങുന്ന സമയത്ത്, ഇറാനിൽ വിവേചനം നേരിടുന്ന മതന്യൂനപക്ഷമായ ബഹായ് സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നർഗീസ് തടവറയിൽ നിരാഹാരസമരം നടത്തുമെന്ന് നേരത്തെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
ഇറാനിൽ വനിതകൾ നേരിടുന്ന അടിച്ചമർത്തലിന് എതിരെയുള്ള പോരാട്ടത്തിനാണു നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. തടവറയിലും നിലയ്ക്കാത്ത പോരാട്ടവീര്യം തുടരുന്ന നർഗീസിന്റെ ആരോഗ്യനില മോശം സ്ഥിതിയില്‍ തുടരുകയാണ്. തലമറയ്ക്കാതെ ആശുപത്രിയിൽ പോകുന്നതിനുള്ള അവകാശത്തിനായി നവംബർ ആദ്യം നിരവധി തവണ നർഗീസ് നിരാഹാരസമരം നടത്തിയിരുന്നു.