രാജ്യത്ത് ഇന്നത്തെ മുദ്രാവാക്യം ‘ഷട്ട് അപ്’ ഇന്ത്യ: പരകാല പ്രഭാകർ
Mail This Article
കണ്ണൂർ∙ ‘മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നീ മുദ്രാവാക്യങ്ങളിൽ നിന്ന് ഇന്നു നാമെത്തിനിൽക്കുന്നത് ‘ഷട്ട് അപ്’ ഇന്ത്യയിലാണെന്ന് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനും കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. ‘സേവ് പബ്ലിക് സെക്ടർ ഫോറം’ കണ്ണൂർ ജില്ലാ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘‘ബേട്ടി പഠാവോ, ബേട്ടി ബചാവോ’ കേട്ടു നാമെല്ലാവരും സന്തോഷിച്ചു. പക്ഷേ, അതുകൊണ്ട് രാജ്യത്തിനു വല്ല നേട്ടവുമുണ്ടായോ? പദ്ധതിക്കുവേണ്ടി മാറ്റിവച്ച 80% പണവും ചെലവഴിച്ചതു പരസ്യത്തിനു വേണ്ടി മാത്രം. ഗുസ്തി താരങ്ങളായ പെൺകുട്ടികൾ പറയുകയാണ്, ‘ഞങ്ങൾ പീഡിപ്പിക്കപ്പെട്ടു’ എന്ന്. ഭരണകൂടത്തിലെ ഒരാൾ പോലും ഒരക്ഷരം മിണ്ടിയില്ല. തൊഴിലില്ലായ്മ, ഉയർന്ന ജീവിതച്ചെലവ്, വളരാത്ത വ്യവസായ മേഖല– ഇതെല്ലാമാണു പുതിയ ഇന്ത്യയുടെ മുഖമുദ്ര.
മുതൽമുടക്കാൻ കഴിവുള്ള 2.5 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുകഴിഞ്ഞു. 35,000 നോൺ ടെക്നിക്കൽ ജോലികൾക്കായി അപേക്ഷകൾ ലഭിക്കുന്നത് ഒരു കോടിയിലധികം. തൊഴിലില്ലായ്മ 24 ശതമാനമാണ്. സാധാരണക്കാരനു സമ്പാദിക്കാനാകുന്നില്ല. ജീവിതച്ചെലവ് അത്രയധികമാണ്. പരകാല പ്രഭാകർ പറഞ്ഞു.