ADVERTISEMENT

ചെന്നൈ ∙ നഗരത്തെ വിറപ്പിച്ച് മിഷോങ് ചുഴലിക്കാറ്റ് താണ്ഡവമാടിയപ്പോഴും ഉലയാതെ ഒറ്റക്കെട്ടായി നിന്ന് മലയാളികൾ. വിവിധയിടങ്ങളിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാനും ഭക്ഷണം അടക്കമുള്ള സഹായങ്ങൾ എത്തിക്കാനും പ്രതിസന്ധിക്കിടയിലും സംഘടനാ പ്രവർത്തകർ മുന്നിട്ടിറങ്ങി. ആവശ്യമായ നിർദേശങ്ങൾ നൽകിയും വിവരങ്ങൾ പങ്കുവച്ചും രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി നോർക്കയും സജീവമായിരുന്നു.

ആപത്തിലെ ഒരുമ

ചെന്നൈയിലും സമീപ ജില്ലകളിലുമായി ഒട്ടേറെ മലയാളി സംഘടനകളുണ്ട്. സംഘടനകൾക്ക് അതീതമായി, അത്യാവശ്യ ഘട്ടങ്ങളിൽ വിലമതിക്കാനാകാത്ത ഐക്യമാണു തങ്ങൾക്കുള്ളതെന്ന് മലയാളികൾ വീണ്ടും തെളിയിച്ചു. മൊബൈൽ നെറ്റ്‌വർക് ഇല്ലാത്തത് അടക്കം പരിമിതികൾ ഏറെയുണ്ടായിട്ടും ഒട്ടേറെ സഹായമെത്തിക്കാൻ സംഘടനാ പ്രവർത്തകർക്കു കഴിഞ്ഞു.

കനത്ത മഴയിൽ വെള്ളം നിറഞ്ഞ റോഡിലൂടെ നടന്നുപോകുന്ന ആളുകൾ. (PTI Photo)
കനത്ത മഴയിൽ വെള്ളം നിറഞ്ഞ റോഡിലൂടെ നടന്നുപോകുന്ന ആളുകൾ. (PTI Photo)

ഭക്ഷണം, വെള്ളം എന്നിവ തേടി നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നു കോളുകൾ ലഭിച്ചതായും അവിടങ്ങളിലുള്ള വ്യക്തികളുമായി ബന്ധപ്പെട്ട് അവ എത്തിച്ചതായും സിടിഎംഎ ജനറൽ സെക്രട്ടറി എം.പി.അൻവർ പറഞ്ഞു. ഫോണിൽ കിട്ടുന്നില്ലെന്നു പറഞ്ഞു നാട്ടിൽ നിന്നു വിളിച്ച ബന്ധുക്കൾക്ക് അവരെ ബന്ധപ്പെടാനുള്ള സംവിധാനം ചെയ്തു കൊടുത്തു. ഒരു തരത്തിലും നേരിട്ടു ചെന്നു സഹായിക്കാൻ പറ്റാത്ത കോളുകൾ സർക്കാരുമായി ബന്ധപ്പെട്ട സംവിധാനത്തിനു കൈമാറിയതായും അൻവർ പറ‍ഞ്ഞു. മൊബൈൽ നെറ്റ്‌വർക് മോശമായതിനാൽ സഹായം എത്തിക്കുന്നതിനു വലിയ തടസ്സം നേരിട്ടതായും എന്നാലും ചെറിയ തോതിലെങ്കിലും സഹായിക്കാൻ കഴിഞ്ഞതായും എയ്മ സംസ്ഥാന സെക്രട്ടറി സജി വർഗീസ് പറഞ്ഞു.

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും രക്ഷകരായി മലയാളികൾ മുന്നിട്ടിറങ്ങി. ഗുമ്മിടിപൂണ്ടിയിൽ ഭക്ഷണവും പണവുമില്ലാതെ വലഞ്ഞ യുവാവിന് അരികിലേക്ക് പാതിരാത്രി നടന്നു ചെന്നു സഹായം എത്തിച്ച സാമൂഹിക പ്രവർത്തകൻ ജെ.ക്ലമന്റ്, പെരുമഴയിലും വെള്ളത്തിലും ആംബുലൻസുമായി രക്ഷാപ്രവർത്തനത്തിറങ്ങിയ കെഎംസിസിയിലെ എ.ഷംസുദ്ദീൻ, ഒഎംആർ–ഇസിആർ മേഖലകളിൽ പ്രവർത്തിച്ച അഷ്റഫ് പടിഞ്ഞാറെക്കര തുടങ്ങിയവർ ചില ഉദാഹരണങ്ങൾ മാത്രം.

രക്ഷാപ്രവർത്തനം നയിച്ച് നോർക്ക

ചെന്നൈയിലും സമീപ ജില്ലകളിലും മഴയും വെള്ളക്കെട്ടും വില്ലനായി മാറിത്തുടങ്ങിയതിനു പിന്നാലെ നോർക്ക രക്ഷാപ്രവർത്തനങ്ങൾക്കായി ഇറങ്ങിത്തിരിച്ചു. ഇതിനായി ആദ്യം ഹെൽപ് ഡെസ്ക് ആരംഭിച്ചു.

സാമൂഹിക പ്രവർത്തകരും സംഘടനാ പ്രവർത്തകരും അടങ്ങുന്ന 7 പേരെ ഹെൽപ് ഡെസ്ക്കിൽ ഉൾപ്പെടുത്തി. ഹെൽപ് ഡെസ്ക്കിൽ ആയിരത്തിലേറെ ഫോൺ കോളുകൾ ലഭിച്ചതായി നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ പറഞ്ഞു. ബന്ധുക്കളെ വിളിച്ചിട്ടു കിട്ടാത്തതുമായി ബന്ധപ്പെട്ട് നാട്ടിൽ നിന്ന് ഒട്ടേറെ വിളികൾ എത്തി. വലിയ ആശങ്കയോടെ വിളിച്ച എല്ലാവരെയും ആശ്വസിപ്പിച്ചു. വൈദ്യുതി, മൊബൈൽ നെറ്റ്‌വർക് എന്നിവ ഇല്ലെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ബോധ്യപ്പെടുത്തിയതായി അനു പി.ചാക്കോ പറഞ്ഞു. ഭക്ഷണം, വെള്ളം എന്നിവ ലഭിക്കാതെ ബുദ്ധിമുട്ടിയവർക്ക് മലയാളി സംഘടനകൾ മുഖേന അവ ലഭ്യമാക്കി. വെള്ളത്തിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായും അവർ പറഞ്ഞു.

English Summary:

Michaung Cyclone: Malayalis rescue efforts in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com