ADVERTISEMENT

തിരുവനന്തപുരം ∙ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്നു ഗവർണർ ആരോപിച്ചു. കരിങ്കൊടി കാണിച്ചവർക്കുനേരെ വാഹനത്തിൽ നിന്നിറങ്ങി ഗവർണർ കൈകാട്ടി വിളിക്കുകയും ചെയ്തു.

‘‘മുഖ്യമന്ത്രി കണ്ണൂരിൽ സ്വീകരിച്ച അതേ ശൈലി ഇവിടെയും പിന്തുടരാൻ ശ്രമിക്കുന്നു. എന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകി. മുഖ്യമന്ത്രി അറിയാതെ എന്റെ വാഹനത്തിന്റെ ഗ്ലാസിൽ ഇടിക്കാൻ പ്രതിഷേധക്കാർക്ക് എങ്ങനെ കഴിഞ്ഞു? ബ്ലഡി ക്രിമിനൽസ്... കാറിൽ വന്ന് ആഞ്ഞടിക്കുന്നതാണോ ജനാധിപത്യം? എനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഇങ്ങനെ ചീറി അടുത്താൽ എന്താകും സ്ഥിതി?

എസ്എഫ്ഐ എന്നെ ഒന്നും ചെയ്തിട്ടില്ല. അവർ റോഡിൽ നിൽക്കുന്നത് കണ്ടു ഞാൻ പുറത്തിറങ്ങി. എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ട. എന്നെ കണ്ടിട്ട് അവർ എന്തിനാണ് ഓടിപ്പോകുന്നത്. മുഖ്യമന്ത്രിയാണ് ഈ ആളുകളെ അയയ്ക്കുന്നത്. എന്നെ ശാരീരികമായി ഉപദ്രവിക്കൽ തന്നെയാണ് അവരുടെ ലക്ഷ്യം. തിരുവനന്തപുരത്തിന്റെ റോഡുകളിൽ നടക്കുന്നത് ഗുണ്ടാ ഭരണമാണ്. അത് അനുവദിക്കില്ല. ഇത്തരം ഗുണ്ടായിസങ്ങൾ അനുവദിക്കാനാവില്ല. 

വൃത്തികെട്ട ഗുണ്ടാകളി എന്നോട് വേണ്ട. ഭരണഘടനാ സംവിധാനം തകർന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എന്നെ കായികമായി നേരിടാനാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. ഈ സുരക്ഷയാണോ എനിക്കുവേണ്ടി ഒരുക്കിയത്? ക്രിമിനലുകളാണ് എനിക്കെതിരെ പ്രതിഷേധിക്കുന്നത്. കായികമായി നേരിടാനാണ് എസ്എഫ്ഐയുടെ ശ്രമം. ഭീഷണിപ്പെടുത്താനാണു നീക്കമെങ്കിൽ വിലപ്പോവില്ല. ഗുണ്ടകളെ ഭരിക്കാൻ അനുവദിക്കില്ല. ഇങ്ങനെയാണെങ്കിൽ സാധാരണക്കാരായ പാവങ്ങൾ എന്തു ചെയ്യും?’’– കാറിൽനിന്നു പുറത്തിറങ്ങിയ ഗവർണർ ക്ഷോഭത്തോടെ പറഞ്ഞു.

സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. സമരക്കാർ തന്റെ കാറിന്റെ ചില്ലിൽ അടിച്ചുകൊണ്ടിരുന്നതായും അതിനാലാണു പുറത്തിറങ്ങിയതെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസവും ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. വഴുതക്കാട് ജംക്‌ഷനിൽ വച്ചാണു ഗവർണറെ എസ്എഫ്ഐ പ്രവ‍ർത്തകർ കരിങ്കൊടി ‌കാണിച്ചത്.

English Summary:

Black flag protest by SFI activists against Governor Arif Muhammad Khan while traveling to the airport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com