ശബരിമലയിൽ ഇന്നും വൻതിരക്ക്; കൊടുംവനത്തിൽ രാത്രി 6 മണിക്കൂറിലേറെ: പഴിചാരി ബോർഡും പൊലീസും
Mail This Article
ശബരിമല∙ ശബരിമലയിൽ ഇന്നും തിരക്ക് തുടരുന്നു. എരുമേലി, നിലയ്ക്കൽ, ഇലവുങ്കൽ, മാറാണംതോട് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയാണ്. എരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആർടിസി സർവീസ് പൊലീസ് തടഞ്ഞു. മൈതാനങ്ങളിൽ പാർക്ക് ചെയ്തിരുന്ന തീർഥാടക വാഹനങ്ങൾ പമ്പയ്ക്കു പോകുന്നതിലും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പമ്പയിലും നിലയ്ക്കലിലും വൻഗതാഗതകുരുക്കും തീർഥാടക തിരക്കും തുടരുന്ന് സാഹചര്യത്തിൽ എരുമേലിയിലെ മൈതാനങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന തീർഥാടക വാഹനങ്ങൾ അവിടെ തന്നെ തുടരണമെന്നും പമ്പയിലേക്കു പോകാൻ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചു.
തിരക്കു നിയന്ത്രിക്കുന്നതിൽ പൊലീസുകാർക്കു പാളിച്ചപറ്റിയതായി ആരോപണമുണ്ട്. പരിചയക്കുറവുള്ള പൊലീസുകാരെ സന്നിധാനത്തു ഡ്യൂട്ടിക്കിട്ടത് തിരിച്ചടിയായി. എന്നാൽ പതിനെട്ടാംപടി കയറാൻ 14 മണിക്കൂറിൽ കൂടുതൽ തീർഥാടകർ കാത്തു നിൽക്കുമ്പോഴും ദർശനത്തിനു സോപാനത്തിലെ വരികൾ മിക്കതും കാലിയാണ്. മിനിറ്റിൽ 70 പേരെങ്കിലും പടി കയറണമെന്നു പറയുന്ന സ്ഥാനത്ത് ഇന്നലെ പരമാവധി 40 പേരിൽ കൂടുതൽ പടികയറ്റാൻ പൊലീസിനു കഴിയുന്നില്ല. അതേസമയം ഒന്നും രണ്ടും ഘട്ടത്തിൽ സേവനത്തിന് ഉണ്ടായിരുന്ന പൊലീസുകാർ മിനിറ്റിൽ 80 പേരെ വരെ കയറ്റുമായിരുന്നു.
മുന്‍പ് ഉയർന്ന ഉദ്യോഗസ്ഥർ പതിനെട്ടാംപടിക്കലും കൊടിമരത്തിനു സമീപവും നിന്നു വേണ്ട നിർദേശം നൽകുമായിരുന്നു. ഇപ്പോൾ അതിനുള്ള ശ്രമവും നടക്കുന്നില്ല.പടികയറ്റുന്നവരുടെ എണ്ണം കുറഞ്ഞതോടെ സോപാനത്തിൽ ദർശനത്തിനു തീരെ ആളില്ല. ഇന്നലെ രാവിലെ 9 മുതൽ ഉച്ചപൂജ കഴിഞ്ഞു നട അടയ്ക്കും വരെ ഇതായിരുന്നു സ്ഥിതി. മേൽപാലത്തിൽ നിന്നു സോപാനത്തേക്ക് എത്തുന്ന 2 നിരയിൽ പലപ്പോഴും ആരും ഇല്ലായിരുന്നു
പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറഞ്ഞതോടെ ക്യുവിന്റെ നീളം ഇന്നലെയും ശബരിപീഠം പിന്നിട്ടു. ശബരിപീഠം മുതൽ മരക്കൂട്ടം വരെയുളള പൈലറ്റ് ക്യു കോംപ്ലക്സ്, മരക്കൂട്ടത്തിനും ശരംകുത്തിക്കും മധ്യേയുളള 6 ക്യൂ കോംപ്ലക്സുകൾ എന്നിവയിൽ നിറഞ്ഞാണ് തീർഥാടകരെ നിർത്തിയത്. മരക്കൂട്ടത്തെ ഒരു ക്യൂകോംപ്ലക്സിൽ 4 മണിക്കൂറിൽ കൂടുതൽ കാത്തു നിന്ന ശേഷമാണ് അടുത്തതിലേക്കു കടത്തി വിട്ടത്. ക്യൂ നിന്നു തീർഥാടകർ കുഴഞ്ഞു.
വലിയ നടപ്പന്തലിൽ അവസാനത്തെ നിര കൊച്ചു കുട്ടികളുമായി എത്തുന്നവർക്കായി ഒഴിച്ചിട്ടതാണ്. ഇന്നലെ രാവിലെ കൊച്ചുകുട്ടികളുമായി വന്നവർക്ക് പ്രത്യേക പരിഗണന നൽകാതെ അവരെ മറ്റുള്ളവരുടെ ക്യുവിലേക്ക് കയറ്റി വിട്ടു. വിഷയം പൊലീസ് സ്പെഷൽ ഓഫിസറുടെ അടുക്കൽ എത്തിയതോടെ അദ്ദേഹം വയർലസിൽ സന്ദേശം നൽകിയാണ് മാറ്റം വരുത്തിയത്.
കൊടുംവനത്തിൽ വാഹനങ്ങൾ തടഞ്ഞത് രാത്രി 6 മണിക്കൂറിലേറെ
കാട്ടുമൃഗങ്ങൾ ഏറെയുള്ള കൊടുംവനത്തിൽ രാത്രി 6 മണിക്കൂറിൽ കൂടുതലാണ് തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞിട്ടത്. കുടിവെള്ളം പോലും കിട്ടാതെ തീർഥാടകർ കഷ്ടപ്പെട്ടു. പ്ലാപ്പള്ളി, ഇലവുങ്കൽ എന്നിവിടങ്ങളിലെ വനമേഖലയിൽ മുന്നറിയിപ്പ് ഇല്ലാതെയാണ് വാഹനങ്ങൾ തടഞ്ഞത്. വെളിച്ചം ഇല്ലാത്തതിനാൽ വന്യമൃഗങ്ങൾ വരുമോ എന്നു ഭയന്നാണ് തീർഥാടകർ കഴിഞ്ഞത്. പ്ലാപ്പള്ളി, ഇലവുങ്കൽ എന്നിവിടങ്ങളിൽ മിക്ക ദിവസവും രാത്രി കാട്ടാന ഇറങ്ങുന്നുണ്ട്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെ ഭാഗത്തു കുറച്ചു സ്ഥലത്തു മാത്രമാണ് വെളിച്ചം ഉള്ളത്. ഇലവുങ്കൽ സേഫ് സോൺ ഓഫിസിന്റെ ഭാഗത്തു മാത്രമാണു വെളിച്ചം ഉള്ളത്. കിലോമീറ്റർ നീളത്തിലാണ് രണ്ട് സ്ഥലത്തും വാഹനങ്ങൾ തടഞ്ഞിട്ടത്.
ഭക്ഷണവും വെള്ളവും കിട്ടാവുന്ന സ്ഥലങ്ങളിൽ വേണം വാഹനങ്ങൾ തടയാൻ എന്ന നിർദേശവും പാലിക്കുന്നില്ല. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ പകൽ സമയത്തും ഈ മേഖലകളിൽ വാഹനങ്ങൾ തടഞ്ഞിടുന്നുണ്ട്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ളാഹ, നാറാണംതോട് എന്നിവിടങ്ങളിലും ഇന്നലെ വണ്ടികൾ പിടിച്ചിട്ടു. സന്നിധാനത്ത് തിരക്കു കൂടുമ്പോൾ പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾ തടയാൻ നിർദേശമുണ്ട്.
പഴിചാരി ബോർഡും പൊലീസും
തിരക്ക് നിയന്ത്രണം പാളിയതോടെ പരസ്പരം പഴിചാരുകയാണു പൊലീസും ദേവസ്വം ബോർഡും. പരമാവധി പേർക്ക് ദേവസ്വം ബോർഡ് വെർച്വൽ ക്യു അനുവദിച്ചതാണു തിരക്കു കൂടാൻ കാരണമെന്നു പൊലീസ് പറയുമ്പോൾ മുൻപരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കിയതും പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറച്ചതുമാണു കുഴപ്പങ്ങൾക്കു കാരണമെന്നാണു ബോർഡിന്റെ വാദം. നേരത്തേ മിനിറ്റിൽ 70–80 പേരെങ്കിലും പതിനെട്ടാംപടി കയറ്റിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പരമാവധി 40 പേരെ മാത്രമേ കയറ്റിവിടാനാകുന്നുള്ളൂ. പുതുതായി സേവനത്തിനെത്തിയ പൊലീസുകാർക്കു മുൻപരിചയമില്ലെന്നാണു പരാതി.
തിരക്കു നിയന്ത്രണം ഉറപ്പാക്കണമെന്നു ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിൽ ശനിയാഴ്ച നിർദേശം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പമ്പയിൽനിന്നു സന്നിധാനത്ത് എത്താൻ 14 മണിക്കൂറാണു വേണ്ടിവന്നത്. തിരക്കു കുറയ്ക്കാൻ തീർഥാടകരുടെ വാഹനങ്ങൾ 8 മണിക്കൂറിലേറെ എരുമേലി, മുക്കൂട്ടുതറ, കണമല, നാറാണംതോട്, ഇലവുങ്കൽ, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ പിടിച്ചിട്ടു. പമ്പാ മണപ്പുറത്ത് 4 മണിക്കൂർ വരെ തടഞ്ഞു നിർത്തിയ ശേഷമാണു തീർഥാടകരെ മലകയറാൻ അനുവദിച്ചത്. ശബരിപീഠം മുതൽ പതിനെട്ടാംപടി വരെ മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാത്ത വിധത്തിൽ തീർഥാടകർ ബാരിക്കേഡിനുള്ളിൽ കുടുങ്ങി.