മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് വിഷ്ണുദേവ് സായും മോഹൻ യാദവും; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി∙ മുൻ കേന്ദ്ര സഹമന്ത്രിയും മുതിർന്ന ഗോത്രവർഗ നേതാവുമായ വിഷ്ണുദേവ് സായ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അരുൺ സാവോയും വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ സത്യവാചകം ചൊല്ലിക്കൊടുത്തു. റായ്പുരിലെ സയൻസ് കോളജ് ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
അതേസമയം, കഴിഞ്ഞ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജേന്ദ്ര ശുക്ലയും ജഗദീഷ് ദേവ്ദയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഭോപാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ നടന്ന മോഹൻ യാദവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്ഥാനമൊഴിഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോൾ, ജനക്കൂട്ടം ‘മാമ, മാമ’ എന്നു വിളിക്കുന്നുണ്ടായിരുന്നു.
ഗവർണർ മംഗുഭായ് പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നിതിൻ ഗഡ്കരിഎന്നിവരും പങ്കെടുത്തു.