ജി 20: അനുവദിച്ചത് 1,310 കോടി രൂപ; ചെലവഴിച്ചത് 416 കോടി: വി.മുരളീധരൻ
Mail This Article
ന്യൂഡൽഹി∙ ജി 20 ഉച്ചകോടിക്കായി 416.19 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
1,310 കോടി രൂപയാണ് ജി 20 ഉച്ചകോടിക്കായി അനുവദിച്ചതെന്നും എന്നാൽ 416.19 കോടി മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 11 വരെയുള്ള കണക്കാണിത്. 60 സ്ഥലങ്ങളിലായി 200 യോഗങ്ങൾ ചേരുന്നതിനായിരുന്നു പ്രധാനമായും പണം ചെലവഴിച്ചത്.
118 കോടി രൂപ ഹോട്ടൽ, വേദി ബുക്കിങ്ങിനാണ് ചെലവഴിച്ചത്. 49.02 കോടി ഗതാഗതത്തിനും 7.36 കോടി പ്രത്യേക വിമാനം സജ്ജീകരിക്കുന്നതിനും ചെലവഴിച്ചു. ബ്രാൻഡിങ്ങിനും പ്രചാരണത്തിനുമായി 32.50 കോടി ചെലവഴിച്ചു. കൂടാതെ വെബ്സൈറ്റ്, സൈബർ സെക്യൂരിറ്റി തുടങ്ങിയവയ്ക്കായും പണം ചെലവഴിച്ചു. പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട ചില ബില്ലുകൾ കൂടി ലഭിക്കാനുണ്ടെന്നും മുരളീധരൻ പറഞ്ഞു.