ജവാൻ മദ്യത്തിന്റെ ഒരു ലീറ്റർ കുപ്പിയിൽ അളവ് കുറഞ്ഞു; കേസെടുത്ത് ലീഗൽ മെട്രോളജി
Mail This Article
തിരുവനന്തപുരം∙ ജവാൻ മദ്യത്തിന്റെ ഒരു ലീറ്റർ കുപ്പിയിൽ മദ്യത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി കേസെടുത്തു. 6 കുപ്പികളിലാണ് മദ്യം കുറവാണെന്നു കണ്ടെത്തിയത്. ചില കുപ്പികളിൽ മദ്യം കൂടുതലായിരുന്നു. പ്ലാസ്റ്റിക് കുപ്പികളായതിനാൽ ജീവനക്കാർ മദ്യം നിറയ്ക്കുമ്പോൾ വായു നിറഞ്ഞ് അളവിൽ കൂടുതലോ കുറവോ വരാമെന്ന് മദ്യ ഉൽപാദകരായ ട്രാവൻകൂർ ഷുഗേഴ്സ് ആന്‍ഡ് കെമിക്കൽ ലിമിറ്റഡ് അധികൃതർ പറഞ്ഞു. അപൂർവമായേ ഇങ്ങനെ സംഭവിക്കാറുള്ളൂ. കോടതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുമെന്നും അധികൃതർ പറഞ്ഞു. കുപ്പി നിർമിക്കുന്ന കമ്പനികളോടു വിശദീകരണവും തേടി.
ലീഗൽ മെട്രോളജിയുടെ എറണാകുളം ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ തിരുവല്ലയിലെ പ്ലാന്റിൽ പരിശോധന നടത്തിയത്. മറ്റു മദ്യ ഉൽപാദകരുടെ പ്ലാന്റുകളിലും ലീഗൽ മെട്രോളജി പരിശോധന നടത്തുന്നുണ്ട്. ജവാന്റെ ഒരു ബാച്ചിലാണ് പ്രശ്നം കണ്ടെത്തിയത്. 125 കുപ്പി പരിശോധിച്ചപ്പോൾ 6 കുപ്പിയിലാണ് മദ്യത്തിന്റെ അളവ് 15 എംഎല്ലിൽ താഴെ കുറവുള്ളതായി കണ്ടെത്തിയത്.
മദ്യം നിറയ്ക്കാൻ ഒരു ലക്ഷം കുപ്പിയാണ് ഒരു ദിവസം വേണ്ടത്. 12,000 കേയ്സാണ് പ്രതിദിന ഉൽപാദനം. ഒരു പ്ലാസ്റ്റിക് കുപ്പി 6.46 രൂപയ്ക്കാണ് ട്രാവൻകൂർ ഷുഗേഴ്സ് വാങ്ങുന്നത്. 3 കമ്പനികളാണ് കുപ്പികൾ വിതരണം ചെയ്യുന്നത്. ട്രാവൻകൂർ ഷുഗേഴ്സിലെ ഉപകരണം വച്ച് അളവ് നോക്കിയപ്പോൾ മദ്യത്തിന്റെ അളവ് കൃത്യമായിരുന്നു. ലീഗൽ മെട്രോളജിയുടെ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് 6 കുപ്പികളിൽ വ്യത്യാസം കണ്ടെത്തിയത്.
കുപ്പികൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളോട് കൃത്യത ഉറപ്പു വരുത്താൻ നിർദേശിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നൽകി. ഓട്ടോമാറ്റിക്കായി മദ്യം നിറയ്ക്കുന്ന സംവിധാനം ട്രാവൻകൂർ ഷുഗേഴ്സിൽ ഇല്ല. ചില്ല് കുപ്പിയാണെങ്കിലേ ഈ സംവിധാനം സാധ്യമാകൂ. കേസെടുത്തെങ്കിലും ജവാന്റെ ഉൽപാദനത്തെ ബാധിക്കില്ല. 750 എംഎൽ കുപ്പികൾ വിപണിയിലിറക്കാനുള്ള നടപടികൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു.