വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവം: പ്രതിയെ കോടതി വെറുതേ വിട്ടു
Mail This Article
കട്ടപ്പന∙ വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ടു. കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കട്ടപ്പന സ്‌പെഷ്യൽ കോടതി ജഡ്‌ജി വി. മഞ്ജുവാണ് വിധി പറഞ്ഞത്,
2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.
പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
അതേസമയം, കോടതിയിൽ പൊലീസ് നിരത്തിയത് കൃത്രിമസാക്ഷികളെയാണെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. യഥാർഥ പ്രതികളെ കണ്ടെത്താൻ പുനരന്വേഷണം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
ആറു വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസിൽ കുറ്റപത്രം തയാറാക്കിയതിൽ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചത് സംബന്ധിച്ചു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ പൊലീസ് ചുമത്തിയില്ലെന്നു കണ്ടെത്തിയ ഹൈക്കോടതി പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചു സർക്കാരിൽ നിന്നു വിശദീകരണം തേടിയത്.
പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കുന്നതിനു ചേർക്കാറുള്ള ചില വകുപ്പുകൾ കുറ്റപത്രത്തിൽ ഒഴിവാക്കിയതാണു സംശയത്തിന് ഇടയാക്കിയത്.
പട്ടികജാതിക്കാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ ചുമത്തേണ്ടിയിരുന്ന എസ്‍സി–എസ്‍ടി പീഡനനിരോധന നിയമപ്രകാരമുള്ള 325–ാം വകുപ്പ് ചേർക്കണമെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പൊലീസ് അവഗണിച്ചു. ഇതോടെ പെൺകുട്ടിയുടെ കുടുംബത്തിനു സർക്കാരിൽനിന്നു ലഭിക്കേണ്ട ധനസഹായവും ഇല്ലാതായി.