‘ചെയർമാൻ സ്ഥാനത്തിരുന്ന് വലിയ വിവരക്കേടും അസംബന്ധങ്ങളും പറയുന്നു; പുറത്താക്കണം’
Mail This Article
തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ജനറൽ കൗൺസിൽ അംഗങ്ങൾ. രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് രഞ്ജിത് വ്യക്തമാക്കിയതിനു പിന്നാലെയാണ് അംഗങ്ങൾ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
‘‘ഐഎഫ്എഫ്കെയുടെ ശോഭ കെടുത്തുന്ന തരത്തിലേക്ക് പോകേണ്ടതില്ല എന്നായിരുന്നു തീരുമാനം. എന്നാൽ ആ രീതിയിലുള്ള നീക്കമല്ല ചെയർമാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന്റെ എല്ലാം പരിപൂർണ നിയന്ത്രണം തന്റെ കയ്യിലാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. അക്കാദമി വിപുലപ്പെടുത്തും അക്കാദമിയിലേക്ക് പുതിയ അംഗങ്ങളെ കൊണ്ടുവരും എന്നെല്ലാം പറയുന്നു. ഇതെല്ലാം തീരുമാനിക്കുന്നത് ചെയർമാനല്ല. അത്തരത്തിൽ അബദ്ധജഡിലമായ ചിന്താഗതിയുമായി നടക്കുകയാണ് ചെയർമാൻ.
ചെയർമാനോട് പ്രത്യേകിച്ച് വിധേയത്വം ഇല്ല. അക്കാദമിയോടും സർക്കാരിനോടുമാണ് കടപ്പാടും ബഹുമാനവും. സെക്രട്ടറിയും ബാക്കിയുള്ളവരും രാവും പകലും അധ്വാനിച്ചിട്ടാണ് ഫെസ്റ്റ് മുന്നോട്ട് പോകുന്നത്. മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാം തമ്പുരാനായി ചെയർമാൻ ഇതിലെ നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റ് ഭംഗിയായി നടക്കുന്നതെന്നാണ് ധാരണ. ഈ ഫെസ്റ്റിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായ ഏക കല്ലുകടി ചെയർമാൻ ആ സ്ഥാനത്ത് ഇരുന്ന് വലിയ വിവരക്കേടും അസംബന്ധങ്ങളും പറയുന്നു എന്നതാണ്.
അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തിരുന്ന് അക്കാദമിയെ അവഹേളിക്കുന്ന പരാമർശമാണ് അദ്ദേഹം നടത്തുന്നത്. പല രീതിയിൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചതാണ്. അതൊന്നും നടന്നില്ല. ആർട്ടിസ്റ്റുകളെ മോശമായി അവഹേളിക്കുക, പുച്ഛിച്ചു തള്ളുക ഇതെല്ലാമാണ് ചെയ്യുന്നത്. ഇത് വരിക്കാശേരി മനയിലെ ലൊക്കേഷനല്ല. ഇത് ചലച്ചിത്ര അക്കാദമിയാണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. പ്രശ്നം തീർക്കാൻ യാതൊരു ശ്രമവും ചെയർമാന്റെ ഭാഗത്തുനിന്നില്ല.
ധിക്കാരപരമായ നടപടികളും കള്ളത്തരങ്ങളുമാണ് ചെയർമാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇത് അക്കാദമിക്ക് ഭൂഷണമല്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരാണ്. ഒന്നുകിൽ അദ്ദേഹം തിരുത്തണം. അല്ലെങ്കിൽ പുറത്താക്കണം. ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. അക്കാദമിക് സെക്രട്ടറി, കൾച്ചറൽ സെക്രട്ടറി, സാംസ്കാരിക മന്ത്രി എന്നിവർക്ക് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിട്ടുണ്ട്. 15 പേരിൽ ഒൻപത് പേരും യോഗത്തിൽ പങ്കെടുത്തു. ഇതിൽ ഓരോരുത്തരെയും വ്യക്തിപരമായി വിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്’’ – ജനറൽ കൗൺസിൽ അംഗങ്ങൾ പറഞ്ഞു.