‘പിടിച്ചെടുത്ത പണം എന്റേതല്ല, 100 വർഷമായി കുടുംബം മദ്യവ്യാപാരം നടത്തുന്നു’; 350 കോടി പിടിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് എംപി
Mail This Article
ന്യൂഡൽഹി∙ 350 കോടി രൂപ പിടികൂടിയതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് കോൺഗ്രസ് എംപി ധീരജ് സാഹു. കുടുംബം നടത്തുന്ന ബിസിനസുമായി ബന്ധപ്പെട്ട പണമാണ് പിടിച്ചെടുത്തതെന്നും തന്റെതല്ലെന്നുമാണ് സാഹു അറിയിച്ചത്.
35 വർഷമായി സജീവമായി രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ്. ആദ്യമായാണ് തനിക്കെതിരെ ഇത്തരം ഒരു ആരോപണം ഉയരുന്നത്. 100 വർഷമായി തങ്ങളുടെ കുടുംബം മദ്യ വ്യാപാരം നടത്തിവരുന്നു. രാഷ്ട്രീയത്തിലായിരുന്നതിനാൽ താൻ അക്കാര്യങ്ങളിൽ അധികം ശ്രദ്ധ നൽകിയിരുന്നില്ല. എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് കുടുംബമാണ്. പിടിച്ചെടുത്ത ഒരു രൂപയ്ക്ക് പോലും കണക്ക് ബോധിപ്പിക്കാൻ സാധിക്കുമെന്നും അതിനാൽ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമാണ് സാഹു.
ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഡിസംബർ ആറിന് ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ചയാണ് അവസാനിച്ചത്. ഒഡിഷയിലും ജാർഖണ്ഡിലുമായി നടത്തിയ പരിശോധനയിൽ 353.5 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇന്ത്യയുടെ ചരിത്രത്തിൽ ഏതെങ്കിലും അന്വേഷണ ഏജൻസി പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.
അലമാരയിൽ നിന്നും കെട്ടുകളായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തത്. ഒഡിഷയിലെ ഏറ്റവും വലിയ മദ്യ നിർമാണ കമ്പനികളിലൊന്നാണ് ബൗദ് ഡിസ്റ്റിലറി.