പ്രളയസമയത്തെ സേവനം: മലയാളി യുവാവിനെ നേരിൽ കാണണമെന്ന് വിജയ്
Mail This Article
ചെന്നൈ ∙ പ്രളയസമയത്ത് നിസ്വാർഥ സേവനം ചെയ്ത മലയാളി യുവാവിനെ നേരിൽ കാണാൻ ക്ഷണിച്ച് നടൻ വിജയ്. തൃശൂരിൽ കുടുംബവേരുകളുള്ള അശ്വിൻ ജയപ്രകാശിനെ തേടിയാണു വിജയ്‌യുടെ വിളിയെത്തിയത്. വിജയ് മക്കൾ ഇയക്കത്തിന്റെ വില്ലിവാക്കം മേഖലാ പ്രസിഡന്റായ യുവാവ് ജനിച്ചതും വളർന്നതും ചെന്നൈയിൽ തന്നെയാണ്. വില്ലിവാക്കത്ത് വെള്ളത്തിൽ മുങ്ങിയ കുടിലുകളിലുള്ളവർക്കാണ് അശ്വിന്റെ നേതൃത്വത്തിൽ സഹായമെത്തിച്ചത്.
നഗരത്തിൽ തുടർച്ചയായി പെയ്ത മഴ ശമിച്ചതിനു പിന്നാലെയാണ് സംഘം ഇവിടെയെത്തിയത്. പകുതിയോളം മുങ്ങിയ കുടിലുകളിലെ കുടുംബങ്ങളുടെ കാഴ്ച ദയനീയമായിരുന്നുവെന്ന് അശ്വിൻ പറയുന്നു. വെള്ളമോ ഭക്ഷണമോ കിട്ടാതെ വലഞ്ഞ കുടുംബത്തിന് പ്രാഥമിക സഹായമെന്ന നിലയിൽ അവ ലഭ്യമാക്കി. പ്രദേശത്തെ ദയനീയ കാഴ്ചകൾ ഫോട്ടോ എടുത്ത് സംഘടനയുടെ പ്രസിഡന്റ് ബുസി ആനന്ദിന് അയയ്ക്കുകയും അദ്ദേഹം വിജയ്ക്ക് ഈ ചിത്രങ്ങൾ കൈമാറുകയും ചെയ്തു.
വിജയിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കുടുംബത്തിനും 1,000 രൂപ നൽകി. തുടർന്നാണ് അശ്വിനെയും സംഘത്തെയും നേരിൽ കാണാനായി വിജയ് ക്ഷണിച്ചത്. നഗരത്തിലെ മലയാളി നാടക കൂട്ടായ്മയിലും സിനിമകളുടെ പ്രമോഷൻ മേഖലയിലും സജീവമാണ് അശ്വിൻ.