തൃപ്രയാറിൽ ആന ഇടഞ്ഞ് ടെംപോ ട്രാവലറുകൾ ഉൾപ്പെടെ കുത്തിമറിച്ചു, ഇടഞ്ഞത് പൂതൃക്കോവിൽ പാർഥസാരഥി
Mail This Article
തൃശൂർ ∙ തൃശൂർ തൃപ്രയാറിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം ആന ഇടഞ്ഞു. ഏകാദശിയോടനുബന്ധിച്ച് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ടെംപോ ട്രാവലറുകൾ കുത്തി മറിച്ചിടുകയും മറ്റൊരു കാറിന് കേടുപാട് വരുത്തുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. ക്ഷേത്രത്തിനടുത്തുള്ള പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ഭക്തരുടെ വാഹനങ്ങളാണ് ആന കുത്തിമറിച്ചത്. ഈ സമയത്ത് വാഹനത്തിൽ ആളുണ്ടായിരുന്നില്ലെന്നും സംഭവത്തിൽ ആർക്കും പരുക്കില്ലെന്നുമാണ് വിവരം. സംഭവത്തേത്തുടർന്ന് തൃശൂർ – തൃപ്രയാർ സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗത തടസമുണ്ടായി.
സംഭവ സമയത്ത് ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻമാർ ചാടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ പത്മപ്രഭ ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിലേക്ക് നീങ്ങിയ ആന, അവിടെ നിലയുറപ്പിച്ചു. പിന്നീട് എലഫന്റ് സ്ക്വാഡ് എത്തി ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിച്ചാണ് ആനയെ തളച്ചത്.