വകുപ്പുതല അന്വേഷണം തുടരുന്നു; ഐജി പി.വിജയന്റെ സ്ഥാനക്കയറ്റത്തിൽ തീരുമാനമായില്ല
Mail This Article
തിരുവനന്തപുരം∙ ഐജി പി.വിജയന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച് ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മിറ്റി തീരുമാനമെടുത്തില്ല. വകുപ്പുതല അന്വേഷണം നടക്കുന്നതിനാൽ അതുകഴിഞ്ഞശേഷം സ്ഥാനക്കയറ്റം നൽകാം എന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. എലത്തൂർ ട്രെയിന്‍ തീവയ്പ്പു കേസിൽ വാർത്ത ചോർത്തിയെന്ന ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്ന് പി.വിജയനെ സസ്പെൻഡ് ചെയ്തിരുന്നു. നവംബർ 13ന് തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണം തുടരുകയാണ്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ഡിജിപി, ഇന്റലിജൻസ് മേധാവി എന്നിവരാണ് സ്ക്രീനിങ് കമ്മിറ്റിയിലുള്ളത്.
ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്നാരോപിച്ചാണ് ഐജി വിജയനെ മെയ് 18ന് സസ്പെൻഡ് ചെയ്തത്. വിശദീകരണംപോലും ചോദിക്കാതെയായിരുന്നു സസ്പെൻഷൻ. സസ്പെൻഷന്റെ കാരണങ്ങൾ വസ്തുതയ്ക്കു നിരക്കാത്തതാണെന്ന് വിജയൻ സർക്കാരിനു വിശദീകരണം നൽകി.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി 2 മാസത്തിനുശേഷം വിജയനെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്തെങ്കിലും സർക്കാർ നടപടിയെടുത്തില്ല. സെപ്റ്റംബറിൽ വീണ്ടും അനുകൂലമായി റിപ്പോർട്ട് നൽകി. വകുപ്പുതല അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ അപ്പോൾ നടപടിയെടുക്കാമെന്നായിരുന്നു ശുപാർശ. അതിന്റെ അടിസ്ഥാനത്തിലാണ് സർവീസിൽ തിരിച്ചെടുത്തത്. പുരാവസ്തു തട്ടിപ്പു കേസിൽ പ്രതിയായതിനാൽ ഐജി ഗോകുലത്ത് ലക്ഷ്മണിനും സ്ഥാനക്കയറ്റം നൽകിയിട്ടില്ല.