ഭാര്യയെ വിധവയെന്നു പറഞ്ഞ് വ്യവസായിക്കു പരിചയപ്പെടുത്തി ഹണിട്രാപ്പ്: യുവാവും സംഘവും അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ നാലു പേരെ ബെംഗളൂരു സെൻട്രൽ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) സ്പെഷൽ വിങ് അറസ്റ്റ് ചെയ്തു. ഖലീം, സബ, ഒബേദ് റക്കീം, അതീഖ് എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികളായ ഖലീമും സബയും ചേർന്ന് വ്യവസായിയായ അദിയുല്ല എന്നയാളെയാണ് ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്.
ഖലീം തന്റെ ഭാര്യ സബയെ വിധവയായ സ്ത്രീയാണെന്നു പറഞ്ഞ് അദിയുല്ലയെ പരിചയപ്പെടുത്തുകയും കൂടെ നിർത്തി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ സബ, തന്ത്രപൂർവം അദിയുല്ലയുമായി അടുത്തു. ആർആർ നഗർ പ്രദേശത്തെ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാനും ആധാർ കാർഡുമായി എത്താനും അദിയുല്ലയോട് സബ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടൽ മുറിയിലെത്തിയ അദിയുല്ലയെ പ്രതികൾ ഒരുമിച്ചു പൂട്ടിയിടുകയും വിവരം പുറത്തുപറയാതിരിക്കാൻ ആറു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
ഭീഷണി തര്‍ക്കത്തിലേക്കു നീങ്ങിയപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ ക്രൈംബ്രാഞ്ച് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. സിസിബി പൊലീസ് എത്തി പ്രതികളെ കയ്യോടെ പിടികൂടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികൾ ഇതിനു മുൻപും ഹണിട്രാപ്പ്, കവർച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആർആർ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.