‘ബാനർ കെട്ടിയത് പൊലീസ്, നിർദേശം നൽകിയത് മുഖ്യമന്ത്രി; ഭരണഘടനാ സംവിധാനം തകർക്കാൻ ബോധപൂർവം ശ്രമിക്കുന്നു’
Mail This Article
തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കറുത്ത ബാനർ കെട്ടിയത് പൊലീസാണെന്നും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇതെന്നും രാജ്ഭവന്റെ വാർത്താക്കുറിപ്പ്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ബാനർ കെട്ടില്ലെന്നും ഭരണഘടനാ സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുവെന്നും ഗവർണർ പറഞ്ഞതായി വാർത്താ കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നതിന്റെ തുടക്കമാണിതെന്നും ഗവർണർ പറഞ്ഞു.
സർവകലാശാലയിൽ ഗവർണറുടെ നിർദേശ പ്രകാരം അഴിച്ചുമാറ്റിയ ബാനർ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും കെട്ടി. വൈകിട്ട് നടക്കാൻ ഇറങ്ങിയ സമയത്തും ബാനറുകൾ നീക്കിയിട്ടില്ലെന്നു കണ്ട ഗവർണർ മലപ്പുറം എസ്പിയോട് കയർത്തു. ഇതിനെത്തുടർന്ന്, എസ്പിയും പൊലീസുകാരും ചേർന്ന് 3 ബാനറുകളും അഴിച്ചു നീക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ തിരിച്ചുകെട്ടിയത്.
സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ സമരമുഖത്തുള്ള എസ്എഫ്ഐ പ്രവർത്തകരാണ് ക്യാംപസിൽ ബാനറുകൾ സ്ഥാപിച്ചത്. എസ്എഫ്ഐയെ വെല്ലുവിളിച്ച് ക്യാംപസിലെ ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന ഗവർണർ, രാവിലെ റോഡിലൂടെ ഇറങ്ങി നടന്ന് തനിക്കെതിരായ ബാനറുകൾ ഉദ്യോഗസ്ഥർക്കു കാട്ടിക്കൊടുത്തു. സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലറോട് (വിസി) വിശദീകരണം ചോദിക്കണമെന്ന് രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ നിർദേശിച്ചിരുന്നു.