‘ഷി ചിന്‍പിങ് അടുത്തൊന്നും ആ ദിവസം മറക്കാനിടയില്ല; ഗൽവാനിൽ ചൈനീസ് ആർമിക്കുണ്ടായത് കനത്ത ആൾനാശം’
Mail This Article
ന്യൂഡൽഹി ∙ 2020 ജൂണിൽ ലഡാക്കിലെ അതിർത്തി പ്രദേശമായ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ – ചൈന സേനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ ഓർമകൾ പങ്കുവച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. യഥാർഥ നിയന്ത്രണ രേഖയിൽ ചൈനീസ് ആർമിക്ക് നേരിടേണ്ടിവന്നത് രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ആൾനാശമാണെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് ആ സംഭവം മറക്കാനിടയില്ലെന്നും നരവനെ ‘ഫോർ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന ഓർമക്കുറിപ്പിൽ പറയുന്നു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവം തന്റെ കരിയറിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളായിരുന്നുവെന്നും നരവനെ പറയുന്നു.
‘‘ജൂൺ 16 ഷി ചിൻപിങ്ങിന്റെ ജന്മദിനമാണ്. അടുത്ത കാലത്തൊന്നും ആ ദിവസം അദ്ദേഹം മറക്കാനിടയില്ല. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ആൾനാശമാണ് അന്ന് നേരിടേണ്ടിവന്നത്. എതിർക്കുന്നവരെയെല്ലാം ആക്രമിക്കുകയും പതിയെ പിടിച്ചടക്കുകയും ചെയ്യുന്ന നയമാണ് ചൈന സ്വീകരിക്കുന്നത്. നേപ്പാളിനേയും ഭൂട്ടാനേയും പോലുള്ള ചെറു രാജ്യങ്ങളെ ഇത്തരത്തിൽ ഭയപ്പെടുത്തി നിർത്താൻ അവർക്കായി. തെക്കൻ ചൈനാ കടലിൽ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. പലപ്പോഴായുള്ള പ്രകോപനത്തെ ഇന്ത്യ നേരിട്ടത് സംയമനത്തോടെയായിരുന്നു. എന്നാൽ ഗൽവാനിലെ കടന്നുകയറ്റത്തെ ചെറുക്കാന്‍ തന്നെയായിരുന്നു ഇന്ത്യയുടെ തീരുമാനം.
അതിർത്തി ചെക്ക് പോയിന്റുകളിൽ പലയിടത്തും ചൈനീസ് ആർമി കടന്നുകയറി ടെന്റ് കെട്ടിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. ജൂൺ 15ന് കമാൻഡിങ് ഓഫിസർ കേണൽ സന്തോഷ് ബാബുവും സംഘവും നേരിട്ടുചെന്ന് അവരോട് പിന്മാറാൻ പറഞ്ഞു. എന്നാൽ പിന്നീട് ഇത് തർക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീണ്ടു. വെടിവയ്പ്പുണ്ടായില്ല, എന്നാല്‍ കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് അവർ ആക്രമിച്ചു. അന്ന് ഗുരുതരമായി പരുക്കേറ്റ 15 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.
തൊട്ടടുത്ത ദിവസം തിരിച്ചടിക്കാൻ ഇന്ത്യൻ ആർമി തീരുമാനിച്ചു. അന്നത്തെ ഏറ്റുമുട്ടലിനു പിന്നാലെ ചൈനീസ് ട്രൂപ്പ് കടന്നുകയറിയ പ്രദേശം മുഴുവൻ ഇന്ത്യ തിരിച്ചുപിടിച്ചു. എന്നാൽ വീണ്ടും 5 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. ചൈനീസ് ആർമിക്ക് ആൾനാശം സംഭവിച്ചതായി അവർ ആദ്യം സമ്മതിച്ചില്ല. മാസങ്ങൾക്കു ശേഷം കമാൻഡിങ് ഓഫിസർ ഉൾപ്പെടെ നാലോ അഞ്ചോ പേര്‍ കൊല്ലപ്പെട്ടതായി അവർ വെളിപ്പെടുത്തി. എന്നാൽ റഷ്യൻ രഹസ്യാന്വേഷണ റിപ്പോർട്ടു പ്രകാരം ഏകദേശം 45 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിർത്തിയിലെ സംഘർഷത്തിന് അറുതിവരുത്താൻ ഇരു രാജ്യങ്ങളും ഉന്നതതലത്തിലുള്ള ചർച്ചകൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും നരവനെ പറയുന്നു.
ജനറൽ മനോജ് മുകുന്ദ് നരവനെ 2019 ഡിസംബർ 31 മുതൽ 2022 ഏപ്രിൽ 30 വരെ കരസേനാ മേധാവിയായിരുന്നു. പെൻഗ്വിൻ റാന്‍ഡം ഹൗസാണ് അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളടങ്ങിയ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ പ്രസിദ്ധീകരിക്കുന്നത്. പുസ്തകം അടുത്ത മാസം പുറത്തിറങ്ങും.