മധ്യപ്രദേശ് നിയമസഭയിൽ നെഹ്റുവിന്റെ ചിത്രം നീക്കി; ബിജെപി ചരിത്രം തിരുത്തുന്നുവെന്ന് കോൺഗ്രസ്
Mail This Article
ഭോപാൽ∙ മധ്യപ്രദേശ് നിയമസഭയിൽ നിന്ന് ജവഹർലാൽ നെഹ്റുവിന്റെ ചിത്രം എടുത്തമാറ്റിയതിൽ കോൺഗ്രസ് പ്രതിഷേധം. സ്പീക്കറിന്റെ കസേരയുടെ പിന്നിലായി മഹാത്മാ ഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രമാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ നെഹ്റുവിന്റെ ചിത്രം നീക്കി അംബേദ്കറുടെ ചിത്രം സ്ഥാപിക്കുകയായിരുന്നു. പുതിയ ബിജെപി സർക്കാർ അധികാരമേറ്റ് ആദ്യ നിയമസഭാ സമ്മേളനം ചേർന്ന തിങ്കളാഴ്ചയാണ് ചിത്രം എടുത്തുമാറ്റിയത്.
ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ചരിത്രം തിരുത്താൻ ബിജെപി രാവും പകലും പണിയെടുക്കുകയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് ആരോപിച്ചു.
ബിജെപി അധികാരത്തിലെത്തിയത് രാജ്യത്തിന്റെ ദൗർഭാഗ്യമാണ്. ദശാബ്ദങ്ങളായി നിയമസഭയിൽ സ്ഥാപിച്ചിരുന്ന ചിത്രമാണ് ബിജെപി നീക്കിയത്. ബിജെപിയുടെ മാനസികാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. നെഹ്റുവിന്റ ചിത്രം എത്രയും പെട്ടെന്ന് തിരിച്ചുവയ്ക്കണം. അല്ലെങ്കിൽ തങ്ങൾ അത് ചെയ്യും. അദ്ദേഹം പറഞ്ഞു.